ന്യൂഡല്‍ഹി: ഹരിയാണാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച ഫരീദാബാദില്‍ ഖട്ടര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് രാഹുല്‍ രംഗത്തെത്തിയത്. 

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഖട്ടര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'നമ്മുടെ മന്ത്രി ധന്‍ഖര്‍ജി(മന്ത്രി ഒ പി ധന്‍ഖര്‍)പറയാറുണ്ട്, പെണ്‍കുട്ടികളുടെ എണ്ണം കുറയുകയും ആണ്‍കുട്ടികളുടെ എണ്ണം കൂടുകയും ചെയ്താല്‍ ബിഹാറില്‍നിന്ന് പുത്രവധുക്കളെ കൊണ്ടുവരേണ്ടി വരുമെന്ന്. ഇപ്പോള്‍ ആളുകള്‍ പറയുന്നത്, കശ്മീരില്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്ലാത്ത സ്ഥിതിക്ക് അവിടെനിന്ന് പെണ്‍കുട്ടികളെ  കൊണ്ടുവരാം എന്നാണ്‌'- ഇങ്ങനെയായിരുന്നു വാക്കുകള്‍. 

കശ്മീരി സ്ത്രീകളെ കുറിച്ചു ഹരിയാണ മുഖ്യമന്ത്രി ഖട്ടര്‍ നടത്തിയ പരാമര്‍ശം നിന്ദ്യമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. 'ദുര്‍ബലവും അരക്ഷിതവും പരിതാപകരവുമായ ഒരാളുടെ മനസ്സിനെ വര്‍ഷങ്ങളായുള്ള ആര്‍.എസ്.എസിന്റെ പരിശീലനം എങ്ങനെ ബാധിക്കുമെന്ന് ഇത് വ്യക്തമാക്കി തരുന്നു. പുരുഷന്മാര്‍ക്ക് ഉടമസ്ഥത അവകാശപ്പെടാനുള്ള സ്വത്തല്ല സ്ത്രീകള്‍' - രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.

content highlights: Women are not assets to be owned by men; rahul gandhi tweets after khattar's statement