ന്യൂഡല്‍ഹി: വയനാട്ടില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി.  കേരളത്തില്‍ ഗോത്ര വിഭാഗത്തിൽ നിന്ന് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ പെണ്‍കുട്ടിയാണ് ശ്രീധന്യയെന്ന രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

ശ്രീധന്യയുടെ കഠിനാധ്വാനവും സമര്‍പ്പണവുമാണ് അവളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. ശ്രീധന്യയെയും അവളുടെ മാതാപിതാക്കളെയും അഭിനന്ദിക്കുന്നതായും കരിയറില്‍ വിജയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു.

ഇത്തവണ ലോകസഭയിലേക്ക് വടനാട് മണ്ഡലത്തില്‍ നിന്നുകൂടി രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ട്. ഈ പശ്ചാത്തതലത്തിലാണ് ട്വീറ്റ്. വ്യാഴാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാമത് റാങ്കാണ് ശ്രീധന്യയ്ക്ക്. വെള്ളിയാഴ്ചയാണ് യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലങ്ങള്‍ പുറത്തുവിട്ടത്. വയനാട്ടിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ളയാളാണ് ശ്രീധന്യ. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു.

Content Highlights: Rahul Gandhi Congragulate Sreedhanya Created History in UPSC Exam