ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. 

" പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. മോദി ഗവണ്‍മെന്റ് പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിന്റെ കൂടുതല്‍ സമയം കളയരുത്, നമുക്ക് വിലക്കയറ്റത്തേക്കുറിച്ചും കര്‍ഷകരേക്കുറിച്ചും പെഗാസസിനേക്കുറിച്ചും ചര്‍ച്ച ചെയ്യാം." - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ തുടര്‍ച്ചയായ എട്ടാം ദിവസമായ ഇന്നലേയും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടിരുന്നു. ലോക്സഭയില്‍ പ്രതിപക്ഷം രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പെഗാസസ് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായത്. 

ബുധനാഴ്ച സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തൃണമൂല്‍ ഒഴികെയുള്ള 14 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. പല വിഷയങ്ങളിലും അടിയന്തര പ്രമേയം നല്‍കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെഗാസസ് വിഷയത്തില്‍ മാത്രമാണ് ബുധനാഴ്ച പ്രതിപക്ഷം ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

Content Highlights: Rahul Gandhi blames Centre for Parliament washout, says ‘Modi govt not allowing opposition to work’