രാഹുൽ ഗാന്ധി| Photo: PTI
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ വികാരാധീനനായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. കനത്തമഞ്ഞുവീഴ്ചയെ വകവെക്കാതെ, ഒത്തുചേര്‍ന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു ദിവസം ഒരുപാട് വേദന അനുഭവപ്പെട്ടു. ആ സമയത്ത് ഒരു കൊച്ചുപെണ്‍കുട്ടി വന്ന് ഒരു കത്ത് തന്നു. അത് തന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റിയെന്നും വേദന അപ്രത്യക്ഷമായെന്നും രാഹുല്‍ പറഞ്ഞു.
ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരു ദിവസം എനിക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടു. ആറ്-ഏഴ് മണിക്കൂറുകള്‍ കൂടി നടക്കേണ്ടിവരും, അത് ഏറെ ശ്രമകരമായേക്കുമെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ ഒരു കൊച്ചുപെണ്‍കുട്ടി എന്റെ അരികിലേക്ക് ഓടിവന്നു. എന്നിട്ട് പറഞ്ഞു, അവള്‍ എനിക്കു വേണ്ടി എന്തോ എഴുതിയിട്ടുണ്ടെന്ന്. എന്നെ ആലിംഗനം ചെയ്തിട്ട് അവള്‍ ഓടിപ്പൊയ്ക്കളഞ്ഞു. അവള്‍ തന്ന ആ കത്ത് ഞാന്‍ വായിച്ചു- രാഹുല്‍ പറഞ്ഞു.
.jpg?$p=615dbec&&q=0.8)
നിങ്ങളുടെ മുട്ട് വേദനിക്കുന്നത് എനിക്ക് കാണാം. കാരണം നിങ്ങള്‍ ആ കാലിന് കൂടുതല്‍ ബലംകൊടുക്കുമ്പോള്‍ അത് നിങ്ങളുടെ മുഖത്ത് കാണാനാകുന്നുണ്ട്. എനിക്ക് നിങ്ങള്‍ക്കൊപ്പം നടക്കാനാകില്ല. പക്ഷേ മനസ്സുകൊണ്ട് നിങ്ങള്‍ക്കൊപ്പം ഞാന്‍ നടക്കുകയാണ്. കാരണം, എനിക്കറിയാം താങ്കള്‍ നടക്കുന്നത് എനിക്കും എന്റെ ഭാവിക്കും വേണ്ടിയാണ്-എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ കത്തിലുണ്ടായിരുന്നത്. ആ നിമിഷം, എന്റെ വേദന അപ്രത്യക്ഷമായി- രാഹുല്‍ പറഞ്ഞു.
എനിക്കോ കോണ്‍ഗ്രസിനോ വേണ്ടിയല്ല, ഞാന്‍ ഈ യാത്ര നടത്തിയത്. രാഷ്ട്രത്തിന്റെ അടിത്തറ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രത്യയശാസ്ത്രത്തിനെ എതിരിടുക എന്നതായിരുന്നു ലക്ഷ്യം, രാഹുല്‍ പറഞ്ഞു. പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും രക്ഷസാക്ഷിത്വത്തെ കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമാകുമ്പോഴുള്ള വേദനയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആക്രമണങ്ങള്‍ നല്‍കുന്ന വേദന തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും പുല്‍വാമ രക്തസാക്ഷികളുടെ ഉറ്റവരുടെ മനസ്സിലൂടെ എന്താണ് കടന്നുപോയതെന്ന് തനിക്ക് മനസ്സിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെയും അമിത് ഷായെയും പോലുള്ള ബി.ജെ.പിയുടെ നേതാക്കള്‍ക്കും ആര്‍.എസ്.എസ്. അംഗങ്ങള്‍ക്കും ഈ വേദന മനസ്സിലാക്കാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്രയിലെമ്പാടും വെള്ള നിറത്തിലുള്ള ടി ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ നടന്നിരുന്നത്. സമാപന പ്രസംഗവേളയില്‍, ടി ഷര്‍ട്ടിനു മീതേ അദ്ദേഹം, കശ്മീരിലെ പരമ്പരാഗത വസ്ത്രമായ ഫിരന്‍ ധരിച്ചിരുന്നു. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയ്‌ക്കൊപ്പം മഞ്ഞില്‍കളിക്കുന്ന രാഹുലിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. മഞ്ഞുവാരി കയ്യിലൊളിപ്പിച്ചു പിടിച്ച് പ്രിയങ്കയുടെ തലയില്‍ രാഹുല്‍ ഇടുന്നത് കാണാം. ശേഷം ഓടിപ്പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാഹുലിനെ പ്രിയങ്ക പിടിച്ചുനിര്‍ത്തി മഞ്ഞു തലയിലിട്ട് 'പ്രതികാരം' ചെയ്യുന്നുണ്ട്.
കശ്മീരില്‍വെച്ച് ആക്രമിക്കപ്പെട്ടേക്കാമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ എനിക്ക് ഹാന്‍ഡ് ഗ്രെനേഡുകള്‍ നല്‍കിയില്ല, പകരം ലഭിച്ചത് സ്‌നേഹം നിറഞ്ഞ ഹൃദയങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി. അംഗങ്ങള്‍ക്ക് ഇതുപോലെ ജമ്മു കശ്മീരിലൂടെ നടക്കാനാകില്ല. കാരണം അവര്‍ക്ക് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: rahul gandhi bharat jodo yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..