ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയോട് ബാഹുമാനത്തിന്റെ ഒരു കണിക പോലുമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ എന്നാല്‍ ഒരു നാണക്കേടാണെന്നും ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും സ്മൃതി പറഞ്ഞത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവര്‍ വ്യക്തമാക്കി. 

നിങ്ങളുടെ വയസ്സ് അമ്പതുകളിലെത്തിയിരിക്കുന്നു, എന്നാല്‍ ഇതുവരെ കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കില്‍ ഒരാളില്‍ നിന്നും നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കില്ലെന്ന് രാഹുലിനെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി പറഞ്ഞു. 

നീരവ് മോദി, വിജയ് മല്ല്യ എന്നിവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ നിശ്ശിതമായി വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ കാരണത്തിലാണോ രാഹുലിനെ വിമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന് യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് അല്ലേ തട്ടിപ്പുകാര്‍ക്ക് അവസരം നല്‍കിയത് എന്നായിരുന്നു സ്മൃതിയുടെ മറുപടി. വിവാദമായ പല കേസുകളിലും കോണ്‍ഗ്രസിന്റെ ഇടപെടല്‍ പ്രകടമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞദിവസവും രാഹുല്‍ കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവര്‍ക്കിും ദുര്‍ബല വിഭാഗങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിന് പകരം പണംകടം കൊടുക്കുന്ന ആളുകളെ പോലെ കേന്ദ്രം പെരുമാറുന്നുവെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

Content Highlights: Rahul Gandhi already an embarrassment, don't have an iota of respect for him: Smriti Irani