ലഖ്‌നൗ: ലഖ്‌നൗ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ശേഷം രാഹുലും സംഘവും ലഖിംപൂരിലേക്ക് പുറപ്പെട്ടു. സ്വന്തം വാഹനത്തില്‍ യാത്ര അനുവദിക്കില്ലെന്നും പോലീസ് വാഹനത്തില്‍ ലഖിംപൂരിലേക്ക് പോകണമെന്നുള്ള നിര്‍ദേശം തള്ളിയതോടെ രാഹുലിനെ വിമാനത്താവളത്തിനുള്ളില്‍ സുരക്ഷാസേന തടഞ്ഞിരുന്നു. പുറത്തേക്ക് കടക്കാന്‍ അനുവാദിക്കാതിരുന്നതോടെ രാഹുലും സംഘവും വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് സ്വന്തം വാഹനത്തില്‍ തന്നെ യാത്ര ചെയ്യാന്‍ യുപി പോലീസ് അനുമതി നല്‍കിയത്.

ലഖിപൂര്‍ സന്ദര്‍ശനത്തിന് യുപി സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രാഹുല്‍ ലഖ്‌നൗ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന് സ്വീകരണവും ഒരുക്കിയിരുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, കെസി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നീ നേതാക്കളും രാഹുലിനൊപ്പമുണ്ട്. ലഖിംപൂരിലേക്ക് പോകാന്‍ പ്രിയങ്കാ ഗാന്ധിക്കും അനുമതി നല്‍കിയിട്ടുണ്ട്. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പരമാവധി അഞ്ചു വീതം നേതാക്കള്‍ക്കാണ് ലഖിംപുര്‍ സന്ദര്‍ശിക്കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ സന്ദര്‍ശനത്തിന് മുതിര്‍ന്ന നേതാക്കളെ തടയുന്ന സമീപനമായിരുന്നു യുപി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് പ്രിയങ്കാ ഗാന്ധിയെ അടക്കം തടങ്കലിലാക്കിയിരുന്നു.

നേരത്തെ, യുപി സന്ദര്‍ശനം നടത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം അനുമതി തേടിയിരുന്നെങ്കിലും യുപി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ലഖ്‌നൗവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഉച്ചയോടെ ലഖ്‌നൗവിലെത്തിയത്. ഇതിനുപിന്നാലെയാണ് യുപി സര്‍ക്കാര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.

ഇതിനിടെ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയെന്ന് ആരോപണത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ക്ക് നേരെ വാഹനം കയറ്റിയതെന്നാണ് ആരോപണം. തനിക്കും മകനുമെതിരെ ഉയര്‍ന്ന ആരോപണം അജയ് മിശ്ര നിഷേധിച്ചിട്ടുണ്ടെങ്കിലും സംഭവത്തില്‍ ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.

Content Highlights: Rahul Gandhi allowed to leave Lucknow airport after being briefly stopped