രാഹുൽ ഗാന്ധി | Photo: ANI
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും ദുരൂഹതയുള്ള വിദേശകമ്പനിയായ എലേറയ്ക്കും രാജ്യത്തെ മിസൈലുകളും റഡാറുകളും പുതുക്കാനുള്ള കരാര്‍ നല്‍കി എന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. എലേറ എന്ന കമ്പനി ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നും കമ്പനി നിയന്ത്രിക്കുന്നതാരാണെന്നുള്‍പ്പെടെ യാതൊരു വിവരവും ആര്‍ക്കുമറിയില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ നിയന്ത്രണം ഇത്തരം വിദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ലണ്ടനില്‍ വെച്ച് രാഹുല്‍ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളാണുയര്‍ന്നത്. രാഹുലിനെതിരെ ഭരണപക്ഷത്തിന്റെയും സര്‍ക്കാരനുകൂല സംഘടനകളുടേയും പ്രതിഷേധം കനക്കുന്നതിനിടെയാണ് രാഹുലിന്റെ പുതിയ ആരോപണം.
കേംബ്രിജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനാധിപത്യത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. രാജ്യത്തെ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും മാറിയെന്നും അതിന്റെ കാരണം ആര്‍എസ്എസ് എന്ന് പേരുള്ള ഒറ്റ സംഘടനയാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. താനുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍- അദാനി വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ലോക്‌സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായി. ബുധനാഴ്ചയും രണ്ടു മണി വരെ ലോക്‌സഭയും നിയമസഭയും നിര്‍ത്തിവെച്ചു.
അതേസമയം പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തള്ളി. രാഹുല്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും ജനാധിപത്യത്തെക്കുറിച്ചുള്ള വസ്തുതകള്‍ മാത്രമാണ് രാഹുല്‍ പങ്കുവെച്ചതെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് മോദിയാണെന്നും ഖാര്‍ഗെ ആരോപിച്ചു.
Content Highlights: rahul gandhi, narendra modi, central government, adani, national defence, security, elara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..