രാഹുൽ ഗാന്ധി | Photo: Twitter/ANI
ന്യൂഡല്‍ഹി: അദാനി വിഷയം ഉയര്‍ത്തി ലോക്‌സഭയില്‍ ഭരണപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യവസായി ഗൗതം അദാനിയും തമ്മില്‍ എന്താണ് ബന്ധമെന്ന് രാഹുല്‍ സഭയില്‍ ചോദിച്ചു. അദാനിക്ക് വേണ്ടി നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്നും ഇരുവരും തമ്മിലെന്താണ് ബന്ധമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
'തമിഴ്‌നാടും കേരളവും മുതല്‍ ഹിമാചല്‍ പ്രദേശ് വരെ രാജ്യത്തുടനീളം അദാനിയെന്ന പേരാണ് കേള്‍ക്കുന്നത്. പല ബിസിനസുകളില്‍ പണം മുടക്കുന്ന അദാനി ഒരിക്കലും പരാജയപ്പെടുന്നില്ലെന്നും ഇത് എങ്ങനെയാണ് സാധിക്കുന്നതെന്നും ആളുകള്‍ എന്നോട് ചോദിച്ചു.'- രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.
2014നും 2022നും ഇടയ്ക്ക് അദാനി മൊത്തം സമ്പാദ്യം 800 കോടി ഡോളറില്‍ നിന്ന് 14,000 കോടി ഡോളറിലേക്ക് എങ്ങനെയാണ് ഉയര്‍ത്തിയതെന്ന് രാഹുല്‍ ചോദിച്ചു. മോദിയുമായി അദാനിയുടെ സൗഹൃദം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ്. അദാനി മോദിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നു നിന്നു. അദ്ദേഹം പ്രധാനമന്ത്രിയുടെ വിധേയനായിരുന്നു. പുതിയ ചെയ്ത ഗുജറാത്ത് എന്ന ആശത്തിനായി അദാനി മോദിക്കൊപ്പം നിന്നു, എന്നാല്‍ ശരിയായ അത്ഭുതം സംഭവിച്ചത് മോദി 2014-ല്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണെന്ന് രാഹുല്‍ പറഞ്ഞു.
'ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കാന്‍ നിയമങ്ങള്‍ മാറ്റിയെഴുതി. പിന്നാലെ, ഇന്ത്യയിലെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന മുംബൈ വിമാനത്താവളം സി.ബി.ഐ, ഇ.ഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ച് ജി.വി.കെയില്‍ നിന്ന് തട്ടിയെടുത്ത് അദാനിക്ക് നല്‍കി. മുന്‍ പരിചയമില്ലാത്തവരെ വിമാനത്താവള വികസനത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നിയമമുണ്ടായിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ തിരുത്തി. മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ഡ്രോണുകള്‍ നിര്‍മ്മിച്ച് പരിചമില്ലാത്ത അദാനിക്ക് കരാര്‍ ലഭിച്ചു. മോദി ബംഗ്ലാദേശില്‍ പോയതിന് പിന്നാലെ പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് അദാനിയുമായി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കരാര്‍ അദാനിക്ക് നല്‍കണമെന്ന് മോദി സമ്മര്‍ദ്ദം ചെലുത്തിയതായി മുന്‍ പ്രസിഡന്റ് രജപക്‌സെ പറഞ്ഞതായി ശ്രീലങ്കന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പര്‍ലമെന്ററി ബോര്‍ഡിനെ അറിയിച്ചു.'- രാഹുല്‍ ആരോപിച്ചു. നേരത്തെ, മോദി അദാനിയുടെ വിമാത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ ഇന്ന് അദാനി മോദിയുടെ വിമാനത്തിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി അദാനി ബി.ജെ.പിക്ക് എത്ര തുക നല്‍കിയെന്നും രാഹുല്‍ ചോദിച്ചു.
അഗ്നിപഥ് പദ്ധതി മുന്നോട്ട് വെച്ചത് ഇന്ത്യന്‍ കരസേനയല്ല, അത് ദേശീയ സുരക്ഷാ ഏജന്‍സിയുടെ തലവന്‍ അജിത് ഡോവല്‍ മുന്നോട്ട് വെച്ചതാണെന്ന് ഭാരത് ജോഡോ യാത്രക്കിടെ താന്‍ സംസാരിച്ച വിരമിച്ച കരസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതി ആര്‍.എസ്.എസിന്റെ ആശയമാണെന്നും രാഹുല്‍ സഭയില്‍ പറഞ്ഞു.
അഗ്നിവീര്‍ പദ്ധതി കരസേനയ്ക്ക് മുകളില്‍ അടിച്ചേര്‍പ്പിക്കപ്പെടുകയാണ്. ജനങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കി അവരെ സമൂഹത്തിലേക്ക് തിരിച്ചയക്കുന്നു. ഇത് കലാപത്തിലേക്ക് നയിക്കുന്നമെന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റമെന്നിവ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പ്രതിപാദിച്ചിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കൊപ്പമുള്ള മോദിയുടെ ചിത്രം രാഹുല്‍ സഭയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ വിലക്കി.
Content Highlights: rahul gandhi against narendra modi on relation with gautam adani in loksabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..