രാഹുൽ ഗാന്ധി കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | Photo : ANI
ബെംഗളൂരു: കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഴിമതിക്കാര്യത്തില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ലോകറെക്കോഡ് ഭേദിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച കര്‍ണാടകയിലെ തീര്‍ഥഹള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
പൊതുമരാമത്ത് പ്രവൃത്തികളില്‍ സംസ്ഥാനസര്‍ക്കാര്‍ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായി കര്‍ണാടക കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പരാതിപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി തന്നെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. മോദിക്കുവേണ്ടിയല്ല കര്‍ണാടകയിലെ ജനങ്ങള്‍ക്കും അവരുടെ ഭാവിക്കും വേണ്ടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങള്‍ അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയാണ്, രാഹുല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാരണം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായതായും ജിഎസ്ടിയും രൂപയുടെ മൂല്യച്യുതിയും രാജ്യത്തിന്റെ വാണിജ്യമേഖലയെ മോശമായി ബാധിച്ചതായും രാഹുല്‍ പറഞ്ഞു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനവിവാദത്തെ കുറിച്ച് പരാമര്‍ശിച്ച രാഹുല്‍, സംസ്ഥാന ആഭ്യന്തരമന്ത്രി തീര്‍ഥഹള്ളിയില്‍ നിന്നാണെന്നും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കളായ യെദ്യൂരപ്പയുടേയോ ബസവരാജ ബൊമ്മയുടേയോ പേര് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് അവരെ ഭയപ്പെടുന്നതുകൊണ്ടാണോയെന്നും രാഹുല്‍ പരിഹസിച്ചു.
വിശ്വേശ്വരായ അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്ലാന്റ് അടച്ചുപൂട്ടിയതിനെയും രാഹുൽ വിമർശിച്ചു. പ്ലാന്റ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ നിവേദനങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തിനാണെന്നും രാഹുല്‍ പ്രസംഗത്തിനിടെ ചോദിച്ചു.
Content Highlights: Rahul Gandhi Against Karnataka Govt And Narendra Modi, Karnataka Assembly Election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..