ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മറുപടികള്‍ കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിച്ച ചോദ്യങ്ങളെ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ തങ്ങളുടെ താത്പര്യത്തിന് അനുസരിച്ചു മാത്രം മറുപടി നല്‍കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമോ? എം.എസ്.പി സംബന്ധിച്ച നിലപാട് എന്താണ്? കോവിഡ് എങ്ങനെയാണ് കാര്‍ഷിക മേഖലയെ ബാധിച്ചത് തുടങ്ങിയ ചോദ്യങ്ങളാണ് താന്‍ ചോദിച്ചത്. എന്നാല്‍ ആദ്യ രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ മൂന്നാമത്തെ ചേദ്യത്തിന് മാത്രമാണ് ഉത്തരം നല്‍കിയതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 

മഹാമാരിക്കാലത്ത് ഒരു പ്രശ്‌നവുമില്ലാതെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് കേന്ദ്രം പറയുന്നത് എന്ത് തമാശയാണെന്നും രാഹുല്‍ ചോദിച്ചു. പ്രക്ഷോഭത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും കുടുംബത്തിലെ ഒരാള്‍ക്ക് വീതമെങ്കിലും ജോലി നല്‍കാനും തയ്യാറാകണമെന്നും കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 

പ്രക്ഷോഭത്തില്‍ മരിച്ച കര്‍ഷകരുടെ കൃത്യമായ എണ്ണം പോലും കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. തെറ്റ് സമ്മതിച്ച പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറഞ്ഞു. പക്ഷേ എത്ര കര്‍ഷകര്‍ മരിച്ചുവെന്ന് കേന്ദ്രത്തിന് അറിയില്ല, രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Content Highlights: rahul gandhi against centre`s response to his questions on farmers protest