രാഹുൽ ഐഡിയാസ് ഫോർ ഇന്ത്യ കോൺക്ലേവിൽ സംസാരിക്കുന്നു | Photo : Twitter / @RahulGandhi
ലണ്ടന്‍: ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംതൃപ്തവും സമാധാനപൂര്‍ണവുമായ ഒരു സാഹചര്യമല്ല ഇന്ത്യയില്‍ നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണം രാജ്യത്തിന്റെ ഭരണഘടനയെ തകിടംമറിച്ചിരിക്കുന്നു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടണില്‍ നടക്കുന്ന 'ഐഡിയാസ് ഫോര്‍ ഇന്ത്യ' കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ജനങ്ങളേയും മതങ്ങളേയും സംസ്ഥാനങ്ങളേയും സമുദായങ്ങളേയും ഏകീകരിച്ച് മുന്നോട്ട് നയിക്കാന്‍ പ്രതിപക്ഷത്തിന് ഉത്തരവാദിത്വമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
"ഭരണപക്ഷം രാജ്യമൊട്ടാകെ മണ്ണെണ്ണ തളിച്ചിരിക്കുകയാണ്. ഒരൊറ്റ തീപ്പൊരി കൊണ്ട് പ്രശ്‌നങ്ങള്‍ ആളിക്കത്തും. ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ഭരണകൂടമാണുള്ളത്-ഒന്ന് ജനങ്ങളെ നിശബ്ദരാക്കുന്നതും മറ്റേത് ജനങ്ങളെ മനസ്സിലാക്കുന്നതും. ജനങ്ങള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് നമ്മുടെ പ്രധാനമന്ത്രിയ്ക്ക് തോന്നേണ്ടതുണ്ട്. പക്ഷെ അദ്ദേഹത്തിന് അത്തരമൊരു തിരിച്ചറിവുണ്ടാകാനിടയില്ല". കേന്ദ്രസര്‍ക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു.
ബിജെപിയെ പോലൊരു കേഡറാണ് കോണ്‍ഗ്രസിന് വേണ്ടതെന്നാണ് ജനങ്ങളുടെ അഭിപ്രായം എന്നാല്‍ ബിജെപിയെ പോലൊരു കേഡറായി മാറിയാല്‍ കോണ്‍ഗ്രസ് ബിജെപി ആയിത്തീരും. ജനങ്ങളുടെ അഭിപ്രായത്തെ മുഖവിലക്കെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, അതേ സമയം ആക്രോശിക്കുകയും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ് ബിജെപി ചെയ്യുന്നത്. കോണ്‍ഗ്രസും ബിജെപിയും രണ്ട് തരത്തിലാണ് രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടും വ്യത്യസ്തമാണ്. ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവത്തിലും രാജ്യത്തിന്റെ അന്തഃസത്തയിലും താന്‍ അടിയുറച്ചു വിശ്വസിക്കുന്നു. നിലവിലെ ഇന്ത്യയേക്കാള്‍ മികച്ച ഒരു രാജ്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമാകും.
നിലവിലുള്ള ബിജെപി ഭരണം രാജ്യത്തിന് വിനാശകരമാണെന്നും അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് സ്വന്തം ചിന്താഗതിയും പ്രവര്‍ത്തനങ്ങളും കൂടുതല്‍ മെച്ചപ്പെടുപ്പെടുത്തിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ധ്രുവീകരണവും മാധ്യമാധിപത്യവുമാണ് ബിജെപിയുടെ തുടരെയുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും ജനങ്ങള്‍ക്കിടയിലേക്ക് ആര്‍എസ്എസും ബിജെപിയും കൂടുതല്‍ വേരൂന്നിയിരിക്കുന്നതായും മറ്റു പ്രതിപക്ഷകക്ഷികള്‍ അത്തരമൊരു രാഷ്ട്രീയഘടന ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനാധിപത്യം ലോകത്തിന്റെ ഏറ്റവും പ്രധാന അടിത്തറകളിലൊന്നാണെന്നും അതിന്റെ വിഘടനം മൊത്തം ലകത്തേയും ബാധിക്കുമെന്നും പറഞ്ഞ രാഹുല്‍ ഇന്ത്യയില്‍ വിവിധമേഖലകളിലെ സ്വകാര്യവത്കരണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
Content Highlights: Rahul Gandhi, BJP, Narendra Modi, Congress, Democracy, Indian Democrecy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..