ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നടപടികളെ വിമര്‍ശിച്ചാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.  

കോവിഡ് വ്യാപനം തടയുവന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതിന് പകരം സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 'കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനുളള തന്ത്രം ആദ്യഘട്ടം- തുഗ്ലക് മാതൃകയിലുളള ലോക്ഡൗണ്‍ പ്രഖ്യാപനം, രണ്ടാം ഘട്ടം-മണിയടി. മൂന്നാം ഘട്ടം-പ്രഭുവിന്റെ ഗുണങ്ങള്‍ പ്രകീര്‍ത്തിക്കുക.' രാഹുല്‍ ട്വീറ്റ് ചെയ്തു.  

രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ 'വാക്‌സിന്‍ ഉത്സവം' നടത്താനുളള കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനത്തേയും മറ്റൊരു തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിര്‍മിക്കുന്ന വാക്‌സിന്‍ കയറ്റുമതി ചെയ്ത് രാജ്യത്ത് വാക്‌സിന്‍ ക്ഷാമത്തിന് ഇടയാക്കുന്ന സര്‍ക്കാര്‍ നടപടിയേയും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഒരു സോഷ്യല്‍ മീഡിയാ കാമ്പെയ്‌നും രാഹുല്‍ തുടക്കം കുറിച്ചിരുന്നു. 

കോവിഡ് രോഗികളുടെ  എണ്ണം കുതിച്ചുയര്‍ന്നതോടെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവമുണ്ടെന്നും ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി രൂപംനല്‍കിയ പിഎം കെയേഴ്‌സ് ഫണ്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് രാജ്യം കിടക്കകളും ഓക്‌സിജനും ഉള്‍പ്പടെയുളളവയുടെ ക്ഷാമം നേരിടുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. 

കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 

Content Highlights:Rahul Gandhi again criticises centre over covid management strategy