ന്യൂഡൽഹി: 'മോദിയും അദാനിയും ഒന്നാണ്' എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പാർലമെന്റ് വളപ്പിൽ 'മോദിയുമായും അദാനിയുമായും' അഭിമുഖം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച് തോളോട് തോൾ ചേർന്നുനിന്ന എം.പി.മാരായ കാൽഗെ ശിവജി ബന്ദപ്പയുമായും മാണിക്കം ടാഗോറുമായുമായിരുന്നു രാഹുൽ ഗാന്ധിയുടെ 'തമാശ അഭിമുഖം'.  പാർലമെന്റിന്റെ മകരദ്വാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും 'ഇന്ത്യ' പാർട്ടി നേതാക്കളും  പങ്കെടുത്ത സമരത്തിലായിരുന്നു കൗതുകക്കാഴ്ച. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഹാസ്യ ചക്രവർത്തിയാണെന്നും അദ്ദേഹം ഏറ്റവും നന്നായി വഴങ്ങുന്ന സ്റ്റാൻഡ് അപ്പ് കോമഡിയിൽ മുഴുകിയിരിക്കയാണെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ധർമേന്ദ്ര പ്രധാൻ പരിഹസിച്ചു. 

To advertise here,

രാഹുലിന്റെ തമാശ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:

രാഹുൽ ('അദാനിയോട്') : സഹോദരാ, എന്താണ് ഈ ദിവസങ്ങളിൽ സംഭവിക്കുന്നത്?
'അദാനി': ഞാനെന്തു പറഞ്ഞാലും ഇദ്ദേഹം ചെയ്യുന്നു.
രാഹുൽ: നിങ്ങളെന്തൊക്കെയാണ് പറയുക?
'അദാനി': എന്ത് ആഗ്രഹിച്ചാലും, വിമാനത്താവളമായാലും തുറമുഖമായാലും.
രാഹുൽ: ഇനിയെന്താണ് ആഗ്രഹിക്കാൻ പോകുന്നത്?
'അദാനി': നമ്മുടെ യോഗം വൈകിട്ടാണ്. ഞാനെന്താഗ്രഹിച്ചാലും സഹോദരനുള്ളിടത്തോളം കാലം എന്തും.
രാഹുൽ: നിങ്ങളുടെ ബന്ധത്തെക്കുറിച്ച് കുറച്ച് പറയൂ?
'അദാനി': ഞങ്ങൾ രണ്ടും ഒന്നാണ്. നമ്മൾ ഒരുമിച്ച് എല്ലാം ചെയ്യും.
രാഹുൽ: നിങ്ങളുടെ പങ്കാളിത്തം എത്ര കാലം തുടരും?
'അദാനി': വർഷങ്ങളോളം, അനന്തമായി. ഇന്ത്യ നമ്മളാണ്.
രാഹുൽ: നിങ്ങൾ കാരണം പാർലമെന്റ് നടക്കുന്നില്ല.

ഈ സമയം മുഴുവൻ മിണ്ടാതെ നിന്ന 'മോദി'യെക്കുറിച്ച് രാഹുൽ: വളരെ ഗൗരവത്തിലാണല്ലോ. ഈ ദിവസങ്ങളിൽ വളരെ കുറച്ച് സംസാരിക്കുന്നു.
'അദാനി' ( അടുത്തു നിന്ന കെ.സി. വേണുഗോപാലും വി.കെ. ശ്രീകണ്ഠനും ഹൈബി ഈഡനുമടക്കമുള്ള എം.പി.മാരുടെ പൊട്ടിച്ചിരിക്കിടെ) : കുറച്ച് ടെൻഷനുണ്ട്.

ഇതോടെ പ്രതിഷേധം പ്രതിപക്ഷം അവസാനിപ്പിച്ചെങ്കിലും പാർലമെന്റിനകത്തും ശക്തമായി അദാനി വിഷയം കോൺഗ്രസ് നേതാക്കൾ ഉയർത്തി. രാജ്യസഭയിൽ അദാനി വിഷയത്തെ പ്രതിരോധിക്കാൻ സോറോസ് വിഷയം ബി.ജെ.പി. എം.പി.മാർ ഉയർത്തിയപ്പോൾ അനുകൂലമായി നിന്ന അധ്യക്ഷൻ ജഗ്ദീപ് ധൻകറെ 'ഇന്ത്യ' നേതാക്കൾ രൂക്ഷഭാഷയിൽ വിമർശിച്ചു. അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം വേഗത്തിൽ അവതരിപ്പിക്കുന്നതിന് ആലോചിക്കുന്നതായി 'ഇന്ത്യ സഖ്യ' വൃത്തങ്ങൾ പറഞ്ഞു. ധൻകറിനെതിരേ നീങ്ങാൻ ഓഗസ്റ്റിൽ തന്നെ  പ്രതിപക്ഷ പാർട്ടികൾ ഒപ്പ് ശേഖരിച്ചിരുന്നുവെങ്കിലും  ധൻകറിന് മറ്റൊരു അവസരം നൽകാൻ തീരുമാനിച്ചതിനാൽ പ്രമേയം നൽകിയിരുന്നില്ല. തിങ്കളാഴ്ചത്തെ സഭയിലെ അധ്യക്ഷന്റെ പെരുമാറ്റമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

രാഹുൽ ഹാസ്യചക്രവർത്തി-പ്രധാൻ

പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷം നടത്തിയ സമരത്തെയും രാഹുൽ ഗാന്ധിയുടെ തമാശ അഭിമുഖത്തെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. തന്റെ പ്രസക്തി നിലനിർത്താൻ ശ്രമിക്കുന്ന ഹാസ്യചക്രവർത്തിയാണ് രാഹുലെന്ന് പ്രധാൻ പരിഹസിച്ചു. രാഹുൽ ഗാന്ധി താൻ ഏറ്റവും നന്നായി ചെയ്യുന്നതിൽ മുഴുകുകയാണ് - സ്റ്റാൻഡ്-അപ്പ് കോമഡി!  സമഗ്രമായ അന്വേഷണത്തിന്റെ ഭാരത്തിൽ ഓരോ തവണയും അദ്ദേഹത്തിന്റെ ക്ഷുദ്രകരമായ അവകാശവാദങ്ങളും പരിഹാസങ്ങളും തകരുകയാണെന്നും പ്രധാൻ കൂട്ടിച്ചേർത്തു.