ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിച്ച് കനയ്യ കുമാര്‍. മുന്‍ വിദ്യാര്‍ഥി നേതാവു കൂടിയായ കനയ്യ, ഇക്കഴിഞ്ഞ ദിവസമാണ് സി.പി.ഐ. വിട്ട് കോണ്‍ഗ്രസിലെത്തിയത്.

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നത് ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആയിരിക്കെ, കോണ്‍ഗ്രസ് എത്രമാത്രം വിജയിക്കുന്നുവോ അത്രമാത്രം ബി.ജെ.പി. പരാജയപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, കനയ്യ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി, ജെ.എന്‍.യു. പ്രതിഷേധ വേളയില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും കനയ്യ പറഞ്ഞു. എന്നെപ്പോലെ നിരവധി ചെറുപ്പക്കാര്‍ കരുതുന്നത് രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ഥതയുണ്ടെന്നാണ്. അദ്ദേഹത്തിന്റെ പോരാട്ടങ്ങളില്‍ ആത്മാര്‍ഥതയുണ്ട്. സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിര്‍ഭയനായ നേതാവാണ് രാഹുല്‍ എന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നാഥുറാം ബനായി ജോഡി (നാഥുറാം നിര്‍മിച്ച സഖ്യം) എന്ന് കനയ്യ വിശേഷിപ്പിക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കനയ്യയുടെ വാക്കുകള്‍.

content highlights: rahul fearless leader- kanhaiya kumar