ന്യൂഡല്‍ഹി: ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. വിഭജിച്ച് ഭരിക്കാനുളള ശ്രമം നടക്കില്ല. തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ആരോപിച്ചു.
ഐശ്വര്യകേരളയാത്രയുടെ സമാപന വേദിയില്‍ വടക്കേ ഇന്ത്യയെ കുറിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. '15 വര്‍ഷം ഉത്തരേന്ത്യയില്‍ നിന്നുളള എംപിയായിരുന്നു. അവിടെ വ്യത്യസ്ത രാഷ്ട്രീയമായിരുന്നു. കേരളത്തിലേക്കുളള വരവ് വളരെയധികം ഉന്മേഷദായകമായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളില്‍ താല്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുള്ളവർ. വയനാടിനെയും കേരളത്തെയും ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് സമീപകാലത്ത് വിദ്യാര്‍ഥികളോട് ഞാന്‍ പറഞ്ഞിരുന്നു', എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
രാഹുലിന്റെ ഈ പരാമര്‍ശത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി ജെ.പി.നഡ്ഡ രംഗത്തെത്തി. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് വടക്കുകിഴക്ക് നിന്നുകൊണ്ട് തെക്കോട്ട് വിഷം വമിപ്പിച്ചു. ഇപ്പോള്‍ തെക്കുനിന്ന് വടക്കോട്ട്. വിഭജിച്ച് ഭരിക്കാനുള്ള നീക്കം ജനം തള്ളിക്കളയും. അതിന്റെ ഉദാഹരണമാണ് ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലമെന്നും നഡ്ഡ പറഞ്ഞു.
മുന്‍ മണ്ഡലമായ അമേഠിയേയും ഉത്തരേന്ത്യയേയും രാഹുല്‍ അപമാനിക്കരുതായിരുന്നെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ദക്ഷിണേന്ത്യയെയും കോണ്‍ഗ്രസ് രഹിതമാക്കാനുളള ശ്രമമാണ് രാഹുലിന്റേതെന്ന് ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു.
Content Highlights:Rahul disrespecting North people, seeking to divide and rule BJP criticises Rahul Gandhi