ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതിയെ രാഹുല്‍ഗാന്ധി നിന്ദിക്കുകയാണെന്ന വിമര്‍ശവുമായി ബി.ജെ.പി. പൊതുപ്രവര്‍ത്തകന് ഉണ്ടാവേണ്ട മര്യാദയുടെയും സത്യസന്ധതയുടെയും എല്ലാ അതിരുകളും രാഹുല്‍ ലംഘിക്കുകയാണെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

സത്യസന്ധനും ജനകീയനുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനായി രാഹുല്‍ നിരത്തിയ കള്ളങ്ങള്‍ സുപ്രീം കോടതി വിധിയിലൂടെ പിടിക്കപ്പെട്ടിരിക്കയാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണന്നെ തന്റെ ലജ്ജാവഹവും നിലവാരമില്ലാത്തുമായ പ്രസ്താവന ആവര്‍ത്തിക്കുകയാണ് രാഹുല്‍. അഴിമതി കേസില്‍ വിചാരണ നേരിടുന്നവരാണ് രാഹുലും മാതാവ് സോണിയാ ഗാന്ധിയും. താനും തന്റെ പാര്‍ട്ടിയും സുപ്രീം കോടതിക്കും മുകളിലാണെന്നാണ് രാഹുല്‍ കരുതുന്നത്. എന്ത് തരത്തിലുള്ള ഭാഷയാണ് രാഹുല്‍ ഉപയോഗിക്കുന്നത്. തന്റെ സാമ്രാജ്യത്തെക്കുറിച്ചുള്ള അഹങ്കാരവും ഗര്‍വുമാണ് രാഹുലിനെ പ്രശ്നമെന്നും രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

കോടതി വിധിയെക്കുറിച്ച് പ്രതികരിക്കവെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍തന്നെയാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചിരുന്നു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ക്ക് മുന്നില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. പി.എ.സി അംഗങ്ങള്‍ ആരും കാണാത്ത റിപ്പോര്‍ട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടതെന്ന് രാഹുല്‍ ചോദിച്ചിരുന്നു. ഫ്രഞ്ച് പാര്‍ലമെന്റിലാണോ സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും രാഹുല്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി രംഗത്തെത്തിയത്.

Content Highlights: Rahul crossed all limits of propriety, decency- bjp