ന്യൂഡല്‍ഹി: ഇന്ത്യയുടെ പലഭാഗങ്ങളിലും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയും നോട്ട്‌നിരോധനവും ജി.എസ്.ടിയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൊഴിലില്ലായ്മയും നോട്ട് നിരോധനവും ശരിയായ രീതിയില്‍ നടപ്പിലാക്കാത്ത ജി.എസ്ടിയും മൂലം ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നതും ജനങ്ങളെ കോപാകുലരാക്കുന്നുണ്ട്. ഇതാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. 

വലിയ വിഭാഗം ആളുകളെ വികസന പ്രക്രിയയില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നത് വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കപ്പെടാം. വികസനപ്രക്രിയയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിടത്ത് നിന്നാണ് ഐഎസ് പോലുള്ള സംഘടനകളുണ്ടായത്‌.

ലോകത്തെവിടെയായാലും അങ്ങനെതന്നെയാണ് സംഭവിക്കുക. ഈ 21 ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് നിങ്ങള്‍ ഒരു കാഴ്ചപ്പാട് നല്‍കിയില്ലെങ്കില്‍ മറ്റാരെങ്കിലും അത് നല്‍കിയെന്ന് വരും. ബി.ജെ.പി സര്‍ക്കാര്‍ ഗോത്ര സമൂഹത്തേയും ആദിവാസി വിഭാഗത്തേയും ന്യൂനപക്ഷങ്ങളേയും വികസന പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.  

സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഗോത്ര സമൂഹവും പാവപ്പെട്ട കര്‍ഷകരും താഴ്ന്ന ജാതികളിലുള്ളവരും ന്യൂനപക്ഷങ്ങളും അനുഭവിക്കേണ്ടെന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടെന്നും രാഹുല്‍ ആരോപിച്ചു. 

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം കൊണ്ടുവന്നത് ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു. അത് ലക്ഷക്കണക്കിന് ആളുകളെ തൊഴില്‍ രഹിതരാക്കി. അതിന്റെ കൂടെ തെറ്റായ രീതിയില്‍ നടപ്പിലാക്കിയ ജി.എസ്.ടി നില കൂടുതല്‍ വഷളാക്കി.  നഗരങ്ങളില്‍ ചെറുകിട തൊഴിലെടുത്തിരുന്നവര്‍ ഗ്രാമങ്ങളിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരായി. ഈ കാര്യങ്ങളാണ് ഇന്ത്യയെ കോപാകുലരാക്കിയത്. അതാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ദളിതര്‍ക്കെതിരേയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുമുള്ള ആക്രമണങ്ങള്‍ക്കും കാരണം- രാഹുല്‍ പറഞ്ഞു.