അമിത് ഷാ | photo:PTI
പുതുച്ചേരി: മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രം രണ്ടുവര്‍ഷം മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചത് പോലും അറിയാത്ത വ്യക്തിയാണ് രാഹുലെന്നും അവധിയിലായിരുന്നതുകൊണ്ടാകും ഇക്കാര്യം അദ്ദേഹം അറിയാതിരുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.
'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെവെച്ച് എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക വകുപ്പ് നിര്‍മിക്കാതിരുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ രൂപം നല്‍കിയിരുന്നു. രാഹുല്‍ ഭയ്യാ.. നിങ്ങള്‍ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തത്.' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു 'അവധി'പരാമര്‍ശം അമിത് ഷാ നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിക്കുന്നത്. എന്നാല്‍ 2019-ല്‍ തന്നെ ഫിഷറീസ് വകുപ്പിന് മോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന് അറിയില്ലേ എന്നും ചോദിച്ച് ബിജെപി ഉടന്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
'പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഒരു പാര്‍ട്ടിയുടെ ലോക്‌സഭയിലുളള അംഗത്തിന് കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയത് പോലും അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ.'- അമിത് ഷാ ചോദിച്ചു.
രാഹുല്‍ ഗാന്ധിക്ക് ഫിഷറീസ് വകുപ്പ് ഉളളതായി അറിയില്ലെന്ന പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു കാര്യക്ഷമമായ മന്ത്രാലയമാണ് വേണ്ടതെന്നാണ് താന്‍ അര്‍ഥമാക്കിയതെന്ന് രാഹുല്‍ പിന്നീട് വിശദീകരണം നല്‍കി. പുതുച്ചേരിക്ക് ശേഷം കേരളത്തിലെ മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ സംവദിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രാലയം വേണമെന്ന് കേരളത്തിലും രാഹുല്‍ ആവര്‍ത്തിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വിജയിക്കുമെന്നും പുതിയ സര്‍ക്കാരിന് രൂപം നല്‍കുമെന്നുമുളള പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു. എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് വി.നാരായണസ്വാമിയുടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി എംഎല്‍എമാരെ വിലയ്‌ക്കെടുക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.
Content Highlights:Rahul Bhayya you were on leave Amit Shah mocks Rahul Gandhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..