ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അമരീന്ദര്‍ സിങ്. രാഹുലിനും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ലെന്ന് പറഞ്ഞ അമരീന്ദര്‍, ഉപദേശകര്‍ ഇരുവരെയും വഴിതെറ്റിക്കുകയാണെന്ന് വ്യക്തമാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രിയങ്കയും രാഹുലും എനിക്ക് മക്കളെപ്പോലെയാണ്. ഇത് ഇങ്ങനെ അല്ല അവസാനിക്കേണ്ടിയിരുന്നത്. ഞാന്‍ ദുഃഖിതനാണ്- അമരീന്ദര്‍ പറഞ്ഞു.

രാജിവെച്ചൊഴിയുന്നതിന് മൂന്നാഴ്ച മുന്‍പേ രാജിക്കത്ത് സോണിയാ ഗാന്ധിക്ക് നല്‍കിയിരുന്നു. എന്നാല്‍ തന്നോട് തുടരാന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നെന്നും അമരീന്ദര്‍ പറഞ്ഞു. സോണിയ തന്നെ വിളിച്ച് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നു. കര്‍ത്തവ്യം എങ്ങനെ നിറവേറ്റണമെന്നും തിരികെ വിളിച്ചാല്‍ മടങ്ങിപ്പോകണമെന്നും ഒരു സൈനികനായ തനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എം.എല്‍.എമാരെ ഫ്‌ളൈറ്റില്‍ കയറ്റി ഗോവയിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ താന്‍ കൊണ്ടുപോകില്ല. അങ്ങനെ അല്ല എന്റെ പ്രവര്‍ത്തനം. താന്‍ തട്ടിപ്പു കാണിക്കാറില്ലെന്നും അതല്ല തന്റെ വഴിയെന്ന് രാഹുലിനും പ്രിയങ്കയ്ക്കും അറിയാമെന്നും അമരീന്ദര്‍ പറഞ്ഞു. 

സംസ്ഥാന ഘടകത്തിലെ ആഭ്യന്തരകലഹമാണ് അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കിയത്. നവ്‌ജ്യോത് സിങ് സിദ്ദുവായിരുന്നു അമരീന്ദറിന്റെ കസേര തെറിപ്പിച്ചത്.

ഹൈക്കമാന്‍ഡും കൈവിട്ടതോടെ ഇക്കഴിഞ്ഞ ശനിയാഴ്ച അമരീന്ദര്‍ രാജിവെച്ചൊഴിഞ്ഞു. 

അതേസമയം, രാജിവെച്ചതിനു പിന്നാലെ അമരീന്ദര്‍ സിദ്ദുവിനു നേരെ പോര്‍മുഖം തുറന്നിരുന്നു. സിദ്ദു ദേശവിരുദ്ധനും അപകടകാരിയുമാണെന്നും കുറ്റപ്പെടുത്തിയ അമരീന്ദര്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും വ്യക്തമാക്കി. 

സിദ്ദുവിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് അമരീന്ദര്‍ നടത്തിയത്. സിദ്ദു ഡ്രാമാ മാസ്റ്റര്‍ ആണെന്നും അപകടകാരിയാണെന്നും അമരീന്ദര്‍ പറഞ്ഞു. പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നിക്കു മീതേ സിദ്ദു സൂപ്പര്‍ സി.എം. ചമയുകയാണെന്നും അമരീന്ദര്‍ ആരോപിച്ചു. 

content highlights: rahul and priyanka are inexperienced- says amarinder singh