രാഘവ് ചദ്ദ| Photo: PTI
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും വസതികള്‍ക്ക് പുറത്ത് പ്രതിഷേധത്തിനൊരുങ്ങിയ രാഘവ് ചദ്ദ, അതിഷി അടക്കം നാല് ആം ആദ്മി പാര്‍ട്ടി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമിത് ഷായ്‌ക്കെതിരേ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താന്‍ ആം ആദ്മി നേതാക്കള്‍ പദ്ധതിയിട്ടിരുന്നു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിക്ക് സമീപത്തുനിന്നാണ് അതിഷിയെ കസ്റ്റഡില്‍ എടുത്തത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരെ കൂടാതെ സഞ്ജീവ് ഝാ, കുല്‍ദീപ് കുമാര്‍ എന്നിവരെ അവരുടെ മണ്ഡലങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.
അമിത് ഷായുടെ വസതിക്ക് പുറത്ത് പ്രകടനം നടത്തണമെന്ന രാഘവ് ചദ്ദയുടെ ആവശ്യം നേരത്തെ ഡല്‍ഹി പോലീസ് നിരസിച്ചിരുന്നു. കോവിഡ് സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് ചദ്ദയുടെ ആവശ്യം നിരസിച്ചത്. ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് ഒരുതരത്തിലുള്ള ഒത്തുചേരലും അനുവദനീയമല്ലെന്ന് പോലീസ് അറിയിച്ചു. മാത്രമല്ല, ന്യൂഡല്‍ഹിയില്‍ 144 പ്രാബല്യത്തിലുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ചദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 2,500 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി വക്താവ് അതിഷി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Raghav Chadha, Atishi and other AAP leaders detained ahead of planned protest against NDMC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..