ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച രാവിലെ 10.30-ന് വിധി പ്രസ്താവിക്കുക. റഫാല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്താണ് പുന:പരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജികളില്‍ മെയ് പത്തിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു. റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. 

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീകോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. നടപടിക്രമങ്ങള്‍ മുഴുവന്‍ അട്ടിമറിച്ചാണ് ഫ്രഞ്ച് കമ്പനിയായ ദസ്സോയുമായി ഇടപാട് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ, വിനീത് ധന്ദ എന്നിവരാണ് റഫാല്‍ ഇടപാടില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങും ഇതേ ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുന്‍കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരും ഹര്‍ജിയുമായി കോടതിയിലെത്തി. ഇതോടൊപ്പം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിഷയം ആളിക്കത്തിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് റഫാല്‍ ഇടപാട് വിവാദവിഷയവുമായി. 

അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് കേന്ദ്രത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. റഫാല്‍ ഇടപാടില്‍ ദസ്സോയ്ക്കു വേണ്ടി തദ്ദേശ പങ്കാളിയെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് കെ.കെ. വേണുഗോപാല്‍ പറഞ്ഞിരുന്നു. തദ്ദേശ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത് ദസ്സോ തന്നെയാണെന്നും അദ്ദേഹം കോടതി മുമ്പാകെ വ്യക്തമാക്കി. റഫാല്‍ ഇടപാട് നിയമപരമായി വിശകലനം ചെയ്യാനുള്ള കോടതിയുടെ നടപടിയെ പ്രതിരോധിക്കുന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. ഇടപാടിനെ നിയമപരമായി വിശകലനം ചെയ്യാന്‍ കോടതിക്ക് സാധിക്കുമോയെന്ന് വാദത്തിനിടെ എ ജി ആരാഞ്ഞു. ഇക്കാര്യങ്ങള്‍ വിദഗ്ധരാണ് തീരുമാനമെടുക്കേണ്ടതെന്നും അല്ലാതെ കോടതിയല്ലെന്നും എ ജി സുപ്രീംകോടതിയെ അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം പോലും വിലവിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും റഫാല്‍ യുദ്ധവിമാനങ്ങളുടെ വില വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് എതിരാളികള്‍ക്ക് ഗുണം ചെയ്തേക്കുമെന്ന് വ്യോമസേന കരുതുന്നതായും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു. യുദ്ധവിമാനത്തിന്റെ വില പരസ്യമാക്കുന്നത് ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ഹര്‍ജിക്കാരനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ആരാഞ്ഞു. വിശദമായ വാദങ്ങള്‍ക്ക് ശേഷം 2018 നവംബര്‍ 14-നാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്. തുടര്‍ന്ന് ഡിസംബര്‍ 14-ന് ഈ കേസില്‍ വിധി പ്രസ്താവം നടത്തി. 

റഫാല്‍ കേസില്‍ അന്വേഷണം വേണ്ടെന്നായിരുന്നു 2018 ഡിസംബര്‍ 14-ന് സുപ്രീംകോടതിയുടെ വിധി. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും കോടതി തള്ളി. ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ പുന:പരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 

റഫാലില്‍ അന്വേഷണം വേണ്ടെന്ന വിധിയില്‍ പുന:പരിശോധന നടത്താന്‍ ഉത്തരവിട്ടാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. അതേസമയം, പുന:പരിശോധന ഹര്‍ജികളുടെ കാര്യത്തില്‍ വളരെ അപൂര്‍വമായി മാത്രമേ സുപ്രീംകോടതി അനുകൂല ഉത്തരവ് പുറപ്പെടുച്ചിട്ടുള്ളുവെന്നതും എടുത്തുപറയേണ്ടതാണ്. 

Content Highlights: rafale case; supreme court will pronounce judgement on review petitions on thursday