ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ കരുത്തരാക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത പ്രതിപക്ഷ ആക്രമണങ്ങള്‍ നേരിടുന്നതിനിടെയാണ് റഫാലിന്റെ ഗുണങ്ങളെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചത്. നോട്ടുനിരോധനം കള്ളപ്പണത്തിനെതിരെയുള്ള വലിയ നീക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം വ്യോമസേനയിലേക്ക് പുതുതലമുറയിലുള്ള ആധുനിക യുദ്ധവിമാനങ്ങള്‍ വരാന്‍ പോകുന്നു. ഇത് സേനയെ കൂടുതല്‍ ശക്തരാക്കും- കോവിന്ദ് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് തയ്യാറെടുക്കുന്നത്.

പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതി 21 കോടി പാവപ്പെട്ടവര്‍ക്കാണ് ഗുണകരമാകുന്നത്. പ്രധാനമന്ത്രിയുടെ സൗഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. സ്വഛ് ഭാരത് പദ്ധതിക്ക് കീഴില്‍ ഒമ്പത് കോടി കക്കൂസുകള്‍ നിര്‍മ്മിച്ചു- സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 

സര്‍ക്കാര്‍ അഴിമതി ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തു. നോട്ടുനിരോധനം കള്ളപ്പണം അടിച്ചമര്‍ത്താന്‍ സഹായകമായി. കള്ളപ്പണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും രാഷ്ട്രപതി പറഞ്ഞു. 

മുസ്ലീം സ്ത്രീകള്‍ക്ക് ഭയമില്ലാത ജീവിക്കാനും അവരെ ശാക്തീകരിക്കാനും മുത്തലാഖ് ബില്‍ പാസ്സാക്കാന്‍ ശ്രമിച്ചുവരികയാണെന്നും കോവിന്ദ് പറഞ്ഞു. 

content highlights:Rafale will make Indian Airforce stronger, says President Kovind