പൂണെ: റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അത്യാവശ്യമാണെന്നും വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കാനാണ് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്നും കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിങ്. സര്‍ക്കാര്‍ സംരംഭമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ(എച്ച്.എ.എല്‍) ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എച്ച്.എ.എല്‍ വിമാന ഭാഗങ്ങൾ പറക്കലിനിടയിൽ തകര്‍ന്നുവീഴുന്ന അവസ്ഥയാണുള്ളതെന്നും പറഞ്ഞു. പൂണെയില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം. 

എച്ച്.എ.എല്ലിന്റെ അവസ്ഥ എന്താണെന്ന് നോക്കൂ. നമ്മുടെ രണ്ട് പൈലറ്റുമാരാണ് അടുത്തിടെ അപകടത്തില്‍ മരിച്ചത്. വിമാനത്തിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കൊഴിഞ്ഞുവീഴുന്ന അവസ്ഥയാണുള്ളത്. മറ്റുള്ളവര്‍ പുതിയ പദ്ധതികള്‍ വികസിപ്പിക്കുമ്പോള്‍ എച്ച്.എ.എല്‍ മൂന്നരവര്‍ഷത്തോളം പിന്നിലായാണ് സഞ്ചരിക്കുന്നത്- വി.കെ. സിങ് പറഞ്ഞു. 

റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിക്ക് മോദി സര്‍ക്കാര്‍ ഒത്താശ ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇതൊരു ഫ്രഞ്ച് കമ്പനിയുമായുള്ള കരാറാണ്. ഓഫ്‌സെറ്റ് കമ്പനിയെ തീരുമാനിക്കുന്നത് അവരാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ എങ്ങനെയാണ് നിലവാരമില്ലാത്ത എച്ച്.എ.എല്ലിനെ ഓഫ്‌സെറ്റ് കമ്പനിയായി തിരഞ്ഞെടുക്കുക.  അവര്‍ എച്ച്.എ.എല്ലിന്റെ നിലവാരത്തില്‍ സംതൃപ്തരല്ലായിരുന്നു. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ കേന്ദ്രസര്‍ക്കാരല്ല ഓഫ്‌സെറ്റ് കമ്പനിയെ തീരുമാനിച്ചതെന്നും വി.കെ. സിങ് വിശദീകരിച്ചു. 

ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരികരുതെന്നും റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കിയില്ലെങ്കില്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിന് തടസമാകുമെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് അത്യാവശ്യമാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഇക്കാര്യത്തില്‍ പരസ്പരം പഴിചാരിയാല്‍ രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്ക് വന്‍ നഷ്ടം സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടി. 

Content Highlights: rafale fighter jet deal; minister vk singh talks about hal capability and rafale deal