ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയെങ്കിലും അന്വേഷണത്തിന് ജസ്റ്റിസ് കെ.എം.ജോസഫ് വലിയൊരു വാതില്‍ തുറന്നിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി. 

റഫാല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷിക്കണമെന്നും ആത്മാര്‍ത്ഥമായ ഒരു അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഹര്‍ജികളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് കൗളാണ് വിധിപ്രസ്താവം നടത്തിയത്. എന്നാല്‍ മൂന്നംഗ ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് കെ.എം.ജോസഫ് വ്യത്യസ്തമായ വിധിന്യായമാണ് എഴുതിയത്. ജസ്റ്റിസ് കൗള്‍ എഴുതിയ പ്രധാന വിധിന്യായത്തെ അംഗീകരിച്ചുകൊണ്ട് തന്നെയായിരുന്നു ഇത്. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

റഫാല്‍ അഴിമതി അന്വേഷിക്കാന്‍ ജസ്റ്റിസ് ജോസഫ് വലിയൊരു വാതില്‍ തുറന്നിട്ടിരിക്കുന്നു. പൂര്‍ണ്ണമായ ഒരു അന്വേഷണമാണ് വേണ്ടത്. അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. റഫാലില്‍ ബിജെപി കള്ളം പറയുന്നു എന്ന ഹാഷ്ടാഗിലാണ് രാഹുലിന്റെ ട്വീറ്റ്.

Content Highlights: Rafale deal-Rahul calls for joint parliamentary committee probe-Justice KM Joseph