ചെന്നൈ: ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് റഫാല്‍ ഇടപാടെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വിഷയത്തില്‍ ഉടന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എങ്ങനെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടിന്റെ ഇന്ത്യയിലെ പങ്കാളിയാകാന്‍ സാധിച്ചതെന്ന് അദ്ദേഹം ചോദിച്ചു. റഫാല്‍ ഇടപാട് ഇന്ത്യകണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി മാത്രമല്ല രാജ്യസുരക്ഷതന്നെ ബലികഴിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 126 യുദ്ധവിമാനങ്ങള്‍ വേണ്ടിടത്തുനിന്ന് 36 എണ്ണമാക്കി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് വ്യോമസേന ഉദ്യോഗസ്ഥരെ കള്ളംപറയാന്‍ പ്രേരിപ്പിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. 

നിങ്ങള്‍ രാജ്യസുരക്ഷ അപകടത്തിലാക്കി, വ്യോമസേനയെ ദുര്‍ബലപ്പെടുത്തി, ജനങ്ങളുടെ പണം കൊള്ളയടിച്ചു, പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ അപമാനിച്ചു- കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു. 

Content highlights: Rafale deal Contoversy, Prashant Bhushan, Modi Sarkar