ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാര്‍ സംബന്ധിച്ച വാദപ്രതിവാദത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് രേഖാമൂലം മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ യുദ്ധവിമാനം വാങ്ങുന്നത് എത്ര തുകയ്ക്കാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, രാഹുലിന് മറുപടിയുമായി രംഗത്തെത്തിയത് ധനമന്ത്രി അരുണ്‍െ ജെയ്റ്റ്‌ലിയാണ്. റാഫേല്‍ യുദ്ധവിമാന കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് രാജ്യസുരക്ഷയ്ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. രാജ്യസുരക്ഷയുടെ പാഠങ്ങള്‍ മുന്‍ പ്രതിരോധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്നും രാഹുല്‍ പഠിക്കണമെന്നും ഉപദേശിച്ചു.

ഇതിനെതിരെയാണ് ട്വിറ്ററിലൂടെ രാഹുല്‍ മറുപടി നല്‍കിയത്. ധനമന്ത്രി പറയുന്നത് നുണയാണെന്ന് തെളിയിക്കാന്‍ യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ പോസ്റ്റുചെയ്യുകയാണെന്ന് രാഹുല്‍ വ്യക്തമാക്കി. യു.പി.എ ഭരണകാലത്ത് പൂര്‍ണമായും സുതാര്യമായാണ് പ്രതിരോധ ഇടപാടുകള്‍ നടന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. റാഫേല്‍ യുദ്ധവിമാനത്തിന്റെ വില എത്രയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും പ്രതിരോധമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും നേരത്തെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. പൊതുപണം ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടിവരിക തന്നെ ചെയ്യുമെന്നും സുര്‍ജേവാല പറഞ്ഞിരുന്നു.