ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുന:പരിശോധന ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കി. റഫാല്‍ കേസ് പുന:പരിശോധിക്കേണ്ടെന്നും സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പിഴവ് കോടതി വിധിയെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കിയത്. 

കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ റഷ്യയും അമേരിക്കയും തമ്മിലുള്ള കരാറുകളില്‍ സോവറീന്‍ ഗ്യാരന്റി ഒഴിവാക്കിയിരുന്നുവെന്നും കേന്ദ്രം അവകാശപ്പെടുന്നു. സോവറീന്‍ ഗ്യാരന്റി ഒഴിവാക്കിയതായിരുന്നു റഫാല്‍ കേസില്‍ പുന:പരിശോധന ഹര്‍ജി നല്‍കിയവര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. 

എന്നാല്‍ നേരത്തെയുള്ള ചില കരാറുകളിലും സോവറീന്‍ ഗ്യാരന്റി ഒഴിവാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. റഫാല്‍ കേസിലെ പുന:പരിശോധന ഹര്‍ജികള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സുപ്രീംകോടതി പരിഗണിക്കും. 

Content Highlights: rafale deal case; union government submitted new affidavit in supreme court