ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയെന്ന റിപ്പോര്‍ട്ടുകളും റഫാല്‍ ഇടപാടും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റഫാല്‍ ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

റഫാല്‍ ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ  നികുതി ഒഴിവാക്കി നല്‍കിയെന്നായിരുന്നു ഫ്രഞ്ച് പത്രമായ 'ലെ മോണ്‍ഡെ' യുടെ റിപ്പോര്‍ട്ട്. 151 ദശലക്ഷം യൂറോയാണ് നികുതി ഇനത്തില്‍ ഈ കമ്പനി നല്‍കാനുണ്ടായിരുന്നത്. നികുതി വെട്ടിപ്പിന് അനില്‍ അംബാനിയുടെ കമ്പനി ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന സമയത്താണ് റഫാല്‍ ഇടപാട് നടന്നതെന്നും ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

എന്നാല്‍ റിലയന്‍സിന്റെ പേരില്‍ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് എന്ന പേരിലുള്ള കമ്പനിക്ക് നികുതിയിളവ് നല്‍കിയതും റഫാല്‍ കരാറും തമ്മില്‍ ബന്ധമില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റായ സന്ദേശം നല്‍കാനുള്ള ശ്രമമാണെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. 

Content Highlights: rafale deal and tax evasion for reliance company in france, defence ministry rejected reports