അഹമ്മദാബാദ്:  'മനുസ്മൃതി ഇറാനിയെ' ഒരു പാഠം പഠിപ്പിക്കാന്‍ രാധിക വെമുല 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റിലെത്തണമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മേവാനിയുടെ അഭ്യര്‍ത്ഥന. രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ മേവാനി രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂലയെ സന്ദര്‍ശിച്ചിരുന്നു. 

ബുധനാഴ്ച സമൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാധിക വെമുലയും രംഗത്തെത്തിയിരുന്നു. 'ഞാന്‍ നിങ്ങളെ ഒരിക്കലും മറക്കില്ല.നിങ്ങളുടെ വകുപ്പ് മാറിയിട്ടുണ്ടാകും എന്നാലും മറക്കില്ല. നിങ്ങളെ ചോദ്യം ചെയ്യാനും വേട്ടയാടാനുമായി ഞാനെന്റെ മക്കളെ (ദളിത് ബഹുജന്‍) പാര്‍ലമെന്റിലേക്കയക്കും' ഹൈദരാബാദ് സര്‍വകലാശാലയിലെ ഒരു പൊതുപരിപാടിക്കിടെയാണ് രാധിക വെമുലയുടെ പ്രസ്താവന.

ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ രോഹിത് വെമുല 2015-ല്‍  ആത്മഹത്യ ചെയ്യുമ്പോള്‍ സമൃതി ഇറാനിയായിരുന്നു മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി.