ന്യുഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ചുമതലയേറ്റു. 
അഡ്മിറല്‍ കരംബീര്‍ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് ആര്‍. ഹരികുമാര്‍ ചുമതലയേറ്റത്. നാവിക സേനാ മേധാവിയായി ചുമതലയേറ്റതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ആര്‍. ഹരികുമാര്‍.

ഏറെ നിര്‍ണായകമായ സമയത്താണ് നാവികസേനാ മേധാവിയായി ചുമതലയേറ്റതെന്നും ഏറെ അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു. അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ നിര്‍ദേശങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആര്‍. ഹരികുമാര്‍ നാവികസേനാ മേധാവിസ്ഥാനം ഏറ്റെടുത്തത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായിരുന്നു ഹരികുമാര്‍. 

harikumar

തിരുവനന്തപുരം നീറമണ്‍കര മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും തിരുവനന്തപുരം ആര്‍ട്സ് കോളേജിലും പഠിച്ച അദ്ദേഹം 1979-ലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരുന്നത്. 1983 ജനുവരി ഒന്നിനാണ് നാവികസേനയില്‍ നിയമിതനാകുന്നത്. സ്ത്യുത്യര്‍ഹ സേവനത്തിന് വിശിഷ്ടസേവാ മെഡല്‍ (2010), അതിവിശിഷ്ട സേവാ മെഡല്‍ (2016), പരമവിശിഷ്ട സേവാ മെഡല്‍ (2021) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഐ.എന്‍.എസ്. വിരാട് ഉള്‍പ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായി പ്രവര്‍ത്തിച്ചു. ഭാര്യ: കല നായര്‍. മകള്‍: അഞ്ജന നായര്‍.

harikumar

Content Highlights: Admiral R Hari Kumar to takes over as new Navy chief today