സുപ്രീം കോടതി | Photo: Mathrubhumi
ന്യൂഡല്‍ഹി: കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ചാണു നിശ്ചയിക്കുന്നതെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഐ.ടി വിഭാഗത്തില്‍ കര്‍ണാടക സ്വദേശിയായ ബി. മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സംവരണം ചെയ്യപ്പെട്ടിരുന്ന തസ്തികയിലേക്ക് നടന്ന മുഹമ്മദ് ഇസ്മയിലിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കണ്ണൂര്‍ സര്‍വകലാശാലയും, മുഹമ്മദ് ഇസ്മയിലും നല്കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
2018 ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം ദേശിയ അടിസ്ഥാനത്തില്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയുടെ വാദം. മുസ്ലിം വിഭാഗം കേരളത്തിലും കര്‍ണാടകത്തിലും പിന്നാക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാല്‍ കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഇസ്മയിലിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള തസ്തികയിലേക്ക് നിയമനം നല്കുന്നതില് തെറ്റില്ലെന്നും സര്‍വകലാശാല സുപ്രീം കോടതിയില്‍ വാദിച്ചു.
സര്‍വകലാശാലകളിലെയും കോളജുകളിലെയും നേരിട്ടുള്ള അസോഷ്യേറ്റ് പ്രഫസര്‍ ദേശീയ അടിസ്ഥാനത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവിനെ തുടര്‍ന്ന് തയ്യാറാക്കുന്ന മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കണം എന്നതാണ് സര്‍വകലാശാലയുടെ വാദം. കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തിലുള്ളയാളാണ് അപേക്ഷകനെന്നും മുസ്ലിം വിഭാഗം കേരളത്തിലും കര്‍ണാടകത്തിലും പിന്നാക്ക വിഭാഗമെന്നും വിജ്ഞാപനം ചെയ്യപ്പെട്ടതാണെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു. പിന്നാക്ക വിഭാഗക്കാരുടെ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരന് ആയിരുന്നു ബി. മുഹമ്മദ് ഇസ്മയില്‍.
എന്നാല്‍, ഒരു സംസ്ഥാനത്ത് എസ്സി, എസ്ടി, ഒബിസി വിഭാഗത്തില്‍പ്പെട്ടതാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിക്ക് മറ്റൊരു സംസ്ഥാനത്ത് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ലെന്ന് പിന്നാക്ക കാരുടെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ അബ്ദുള്‍ ഹലീമിന്റെ അഭിഭാഷകര്‍ വാദിച്ചു. ഇക്കാര്യം മുമ്പ് കോടതികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ സര്‍വകലാശാലയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന് സഞ്ജയ് പരേഖും, ബി. മുഹമ്മദ് ഇസ്മയിലിനുവേണ്ടി സീനിയര്‍ അഭിഭാഷകന് ആര് ബസന്തും ഹാജരായി. അബ്ദുള്‍ ഹലീമിനുവേണ്ടി സീനിയര്‍ അഭിഭാഷകരായ പി.എന്‍ രവീന്ദ്രന്, ജോര്‍ജ് പൂന്തോട്ടം, അഭിഭാഷകരായ എം.പി വിനോദ്, അതുല്‍ വിനോദ് എന്നിവര്‍ ഹാജരായി.
Content Highlights: Quota kannur university Supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..