Image|PTI
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്ന രാഹുലിന്റെ ചോദ്യത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് സമ്പിത് പാത്ര. 20 സൈനികര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി നിരുത്തരവാദിത്തപരമായി പെരുമാറുന്നുവെന്ന് സമ്പിത് പാത്ര കുറ്റപ്പെടുത്തി.
ജൂണ്‍ 19ന് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആ ദിവസം വരെയെങ്കിലും രാഹുല്‍ ഗാന്ധി കാത്തിരിക്കണമായിരുന്നു. ജൂണ്‍ 15നാണ് അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തിലും ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള വിശ്വാസക്കുറവ് നിരുത്തരവാദിത്തപരമാണ്. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഒരു വ്യക്തിക്കെതിരെ മാത്രമല്ല, ഒരു രാജ്യത്തിന്റെ നേതാവിനെതിരെ കൂടിയാണ് സംസാരിക്കുന്നത് എന്ന് തിരിച്ചറിയണം എന്ന് സമ്പിത് പാത്ര പറഞ്ഞു.
ബിജെപി നേതാവ് രാംമാധവും രാഹുലിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. രാജ്യം മുഴുവനും സൈന്യത്തിനൊപ്പവും സര്‍ക്കാരിനൊപ്പവും നില്‍ക്കുമ്പോഴും പ്രതിപക്ഷമാവട്ടെ ശത്രുക്കളെ പിന്തുണയ്ക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുകയാണെന്ന് രാം മാധവ് പ്രതികരിച്ചു.
ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചത്. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നെന്ന് രാഹുല്‍ ചോദിച്ചു. നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നും ആരാണ് അതിനുത്തരവാദിയെന്നും രാഹുല്‍ ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..