ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ചോദ്യങ്ങളുയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി. വിഷയത്തില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടി നിരുത്തരവാദപരമാണെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു.
20 സൈനികര്‍ രാജ്യത്തിനായി അവരുടെ ജീവന് ബലിയര്‍പ്പിച്ച ഈയൊരു സാഹചര്യത്തില്‍ രാഹുല്‍ പ്രധാനമന്ത്രിക്കെതിരേ സംസാരിച്ചുകൊണ്ട് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. ഈ സമയത്ത് രാഹുല്‍ ഇന്ത്യന്‍ ഗവണ്മെന്റിനോട് കാണിച്ച വിശ്വാസക്കുറവ് ശരിയല്ല. പ്രധാനമന്ത്രിക്കെതിരേ സംസാരിക്കുമ്പോള്‍ അതൊരു വ്യക്തിയോടല്ല, മറിച്ച് രാജ്യത്തിന്റെ നേതാവിനോടാണെന്ന കാര്യം രാഹുല്‍ തിരിച്ചറിയണമെന്നും സംബിത് പത്ര വ്യക്തമാക്കി.
വിഷയത്തില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച വിളിച്ച സര്‍വ്വകക്ഷി യോഗം വരെ രാഹുല്‍ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരേ ചോദ്യങ്ങളുയര്ത്തിയിരുന്നത്.
രാജ്യം ഒന്നടങ്കം സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം നില്ക്കേണ്ടപ്പോള് പ്രതിപക്ഷത്തിന്റെ പെരുമാറ്റം നിര്‍ഭാഗ്യകരമാണെന്ന് ബിജെപി നേതാവ് റാം മാധവും ആരോപിച്ചു. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ പ്രസ്താവനകള്‍ ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതാണ്. രാഹുലിന്റെ പ്രസ്താവന ഉപയോഗിച്ചാണ് അവര്‍ നമുക്കെതിരേ വാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
content highlights: Questioning PM Modi on Ladakh irresponsible, BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..