പനജി: നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം 15 മാസം മുന്‍പ് ആസൂത്രണം ചെയ്തതാണെന്ന് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. ഒരു ടെലിവിഷന്‍ അവതാരകന്റെ പരിഹാസം നിറഞ്ഞ ഒരു ചോദ്യമാണ് മിന്നലാക്രമണം ആസൂത്രണം ചെയ്യാന്‍ തനിക്ക് പ്രേരണയായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

2015ല്‍ മണിപ്പൂരിലെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍  ഇന്ത്യന്‍ സൈന്യത്തിനു നേരെ തീവ്രവാദ വിഭാഗമായ എന്‍.എസ്.സി.എന്‍- കെ നടത്തിയ ഒളിയാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ആദ്യ മിന്നലാക്രമണം ആസൂത്രണം ചെയ്തു. ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയ ഈ ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം 70-80 തീവ്രവാദികളെ വധിച്ചു.

വലിയ വിജയമായിത്തീര്‍ന്ന ഈ ആക്രമണത്തെ തുടര്‍ന്ന് നടത്തിയ ഒരു ചാനല്‍ അഭിമുഖത്തില്‍ കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോട് ചാനല്‍ അവതാരകന്‍ ഉന്നയിച്ച ചോദ്യം പ്രകോപനപരമായിരുന്നു എന്ന് പരീക്കര്‍ പറയുന്നു. മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയതുപോലുള്ള ഒരു ആക്രമണം പാക് അതിര്‍ത്തിയില്‍ നടത്താന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഇതാണ് 15 മാസങ്ങള്‍ക്കു ശേഷം നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന് പ്രേരണയായത്. സമയം വരുമ്പോള്‍ ഈ ചോദ്യത്തിന് മറുപടി നല്‍കണമെന്ന് അപ്പോള്‍ താന്‍ തീരുമാനിച്ചു. ഇതിനായി കൂടുതല്‍ പട്ടാളത്തെയും കൂടുതല്‍ ആയുധങ്ങളും തയ്യാറാക്കി. വെടിയുതിര്‍ക്കുന്ന പാകിസ്താന്‍ പട്ടാളത്തിന്റെ സ്ഥാനം കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക റഡാര്‍ സംവിധാനം ആദ്യമായി ഉപയോഗിച്ചത് 2016 സെപ്തംബര്‍ 29ന് നടന്ന ഈ മിന്നലാക്രമണത്തിലായിരുന്നു- പരീക്കര്‍ വ്യക്തമാക്കി.

പനജിയില്‍ നടന്ന വ്യവസായികളുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മിന്നലാക്രമണം സംബന്ധിച്ച ഈ വസ്തുത പരീക്കര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ റാത്തോഡിനോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ ആരാണെന്നും എപ്പോഴാണ് ഇത് നടന്നതെന്നും വ്യക്തമാക്കാന്‍ പരീക്കര്‍ തയ്യാറായില്ല.