ഇന്ത്യ സന്ദര്‍ശിച്ചത് മൂന്ന് തവണ; എലിസബത്ത് രാജ്ഞി കേരളത്തിലെത്തിയത് 1997 ല്‍


മട്ടാഞ്ചേരിയിലെ സിഗോഗും ഫോര്‍ട്ടുകൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചും, ഫിഷര്‍മെന്‍ കോളനിയും എലിസബത്ത് രാജ്ഞി സന്ദര്‍ശിച്ചിട്ടുണ്ട്.

എലിസബത്ത് രാജ്ഞി കൊച്ചിയിൽ | Mathrubhumi archives

ഇന്ത്യയുമായി ഊഷ്മളമായ ബന്ധമാണ് എലിസബത്ത് രാജ്ഞി കാത്തുസൂക്ഷിച്ചിരുന്നത്. അവര്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയിട്ടുള്ളത് മൂന്ന് തവണ. 1961-ലും 83-ലും, 97-ലും ആയിരുന്നു സന്ദര്‍ശനങ്ങള്‍. 97-ലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അവര്‍ കൊച്ചിയിലും എത്തിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷം രാജ്ഞി നടത്തിയ ആദ്യ സന്ദര്‍ശനമായിരുന്നു ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വതന്ത്രമായശേഷം ആ രാജ്യത്തുനിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ വിശിഷ്ടവ്യക്തി ആയിരുന്നു അവര്‍. രാജ്ഘട്ടിലെത്തി അവര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടം നയിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ചെരിപ്പ് അഴിച്ചുമാറ്റി പ്രത്യേക വെല്‍വെറ്റ് സ്ലിപ്പര്‍ ധരിച്ചാണ് അവര്‍ ഗാന്ധിസമാധിയുടെ പരിസരത്ത് പ്രവേശിച്ചത്.

എലിസബത്ത് രാജ്ഞിയുടെ
കൊച്ചി സന്ദര്‍ശനവുമായി ബന്ധപ്പെട്ട
മാതൃഭൂമി വാര്‍ത്ത.

പിന്നീട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്റെ കെട്ടിടങ്ങളും അവര്‍ ഉദ്ഘാടനം ചെയ്തിരുന്നു. റിപ്പബ്ലിക് ദിന പരേഡിലും അവര്‍ അതിഥിയായി പങ്കെടുത്തു. അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അത്. കുത്തബ് മിനാറിന്റെ മാതൃകയാണ് അന്ന് രാജ്ഞിക്ക് സമ്മാനമായി നല്‍കിയത്. ആഗ്ര, ബോംബെ (മുംബൈ), ബനാറസ് (വാരണാസി), ജയ്പുര്‍, ഉദയ്പുര്‍, ബാംഗ്ലൂര്‍ (ബെംഗളൂരു), മദ്രാസ് (ചെന്നൈ), കല്‍ക്കട്ട (കൊല്‍ക്കത്ത) എന്നിവിടങ്ങള്‍ അവര്‍ അന്ന് സന്ദര്‍ശിച്ചിരുന്നു. തുറന്ന കാറിലാണ് അവര്‍ താജ്മഹല്‍ പരിസരം സന്ദര്‍ശിച്ചത്. വാരണാസിയിലെത്തിയ അവര്‍ ആനപ്പുറത്ത് സവാരി നടത്തിയിരുന്നു. സന്ദര്‍ശനം നടത്തിയ സ്ഥലത്തെല്ലാം നിരവധിപേര്‍ അവരെ കാണാന്‍ തടിച്ചുകൂടിയിരുന്നു. പാതയോരത്തും കെട്ടിടങ്ങള്‍ക്ക് മുകളിലും ബാല്‍ക്കണികളിലും വന്‍ ജനാവലിയാണ് അവര്‍ കാണാന്‍ കാത്തുനിന്നത്.

1961-നുശേഷം 1983 ലും 97 ലും അവര്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയിരുന്നു. 1983-ല്‍ അന്നത്തെ രാഷ്ട്രപതി സെയില്‍ സിങ്ങിന്റെ ക്ഷണം സ്വീകരിച്ചാണ് അവര്‍ എത്തിയത്. രാഷ്ട്രപതിഭവനിലാണ് അന്ന് അവര്‍ താമസിച്ചത്. മദര്‍ തെരേസയ്ക്ക് ഓണററി ഓഡര്‍ ഓഫ് മെരിറ്റ് അന്നവര്‍ സമ്മാനിച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അവര്‍ മൂന്നാം തവണ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. അമൃത്സറിലെ ജാലിയന്‍വാലാ ബാഗ് സ്മാരകം അവര്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ഇങ്ങനെ രേഖപ്പെടുത്തി: ഭൂതകാലത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദുഃഖകരമായ സംഭവങ്ങള്‍ നടന്നുവെന്നത് രഹസ്യമല്ല. ജാലിയന്‍വാലാ ബാഗ് ഇതിന് ഉദാഹരണമാണ്. ജാലിയന്‍വാലാ ബാഗ് സ്മാരകത്തില്‍ ശിരസ് കുനിച്ച അവര്‍ റീത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന ആവശ്യം ഉയരുന്നതിനിടെ ആയിരുന്നു ഇത്.

ഇന്ത്യാ സന്ദര്‍ശനത്തിനിടെ അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണനൊപ്പം | Mathrubhumi archives

മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയിലും ഫോര്‍ട്ടുകൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചും, ഫിഷര്‍മെന്‍ കോളനിയും എലിസബത്ത് രാജ്ഞി അന്ന് സന്ദര്‍ശിച്ചിരുന്നു. ഫിഷര്‍മെന്‍ കോളനിയുടെ ഉദ്ഘാടന വേളയിലാണ് അവര്‍ എത്തിയത്. അന്ന് സ്ഥാപിച്ച ശിലാഫലകം കോളനിയിലുണ്ട്. പല വീടുകളും അന്ന് രാജ്ഞി സന്ദര്‍ശിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാസ്‌കോഡ ഗാമയുടെ ശവകുടീരം കാണാന്‍കൂടിയാണ് രാജ്ഞി സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചില്‍ എത്തിയത്. ആറ് മണിക്കൂര്‍ മാത്രമാണ് അവര്‍ കൊച്ചിയില്‍ ചിലവഴിച്ചത്.

ഇന്ത്യന്‍ രാഷ്ട്രപതിമാരായ ഡോ. എസ്. രാധാകൃഷ്ണന്‍, ആര്‍ വെങ്കട്ടരാമന്‍, പ്രതിഭാ പാട്ടീല്‍ എന്നിവര്‍ക്ക് എലിസബത്ത് രാജ്ഞി ആതിഥ്യമരുളിയിട്ടുണ്ട്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന് ദീര്‍ഘകാലത്തെ ചരിത്രമാണുള്ളതെന്ന് മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന് ബക്കിങ്ഹാം കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ അവര്‍ പറഞ്ഞിരുന്നു. 21-ാം നൂറ്റാണ്ടിന് യോജിക്കും വിധത്തിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ശക്തമായ അടിത്തറയുള്ളതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും എലിസബത്ത് രാജ്ഞി അന്ന് പറഞ്ഞിരുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം | Mathrubhumi archives

Content Highlights: Queen Elizabeth India visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented