ന്യൂഡല്‍ഹി: കേരളത്തിലെ ക്വാറി ദൂരപരിധി സംബന്ധിച്ച ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് സുപ്രീം കോടതി വിട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും ക്വാറി ഉടമകളുടെയും വാദം കേട്ട് ഹരിത ട്രിബ്യൂണല്‍ തീരുമാനം എടുക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതികളോ അഭിപ്രായങ്ങളോ ഉള്ളവര്‍ക്കും ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പുതിയ ലീസുകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ എം. ആര്‍. അഭിലാഷ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അടിയന്തിരമായി ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിനോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

ക്വാറി ഉടമകള്‍ക്ക് വേണ്ടി അഭിഭാഷരായ ഇ.എം.എസ്. അനാം, എം.ആര്‍. അഭിലാഷ്, ഉഷ നന്ദിനി തുടങ്ങിയവര്‍ ഹാജരായി. വിഴിഞ്ഞം അദാനി തുറമുഖത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍, സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍, അഭിഭാഷകന്‍ വി.കെ. ബിജു എന്നിവര്‍ ഹാജരായി.

സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങളില്‍ ക്വാറികളുടെ ദൂരപരിധി 200 മീറ്ററായി ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സ്വമേധയാ എടുത്ത കേസില്‍ ഹരിത ട്രിബ്യൂണലിന് ദൂരപരിധി ഉയര്‍ത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുക ആയിരുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ സ്വമേധയാ എടുക്കുന്ന കേസ്സുകളില്‍ ഹരിത ട്രിബ്യൂണലിന് ഉത്തരവ് ഇറക്കാന്‍ അധികാരം ഉണ്ടെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

content highlights: quarry distance limit: ngt will consider pleas says supreme court