മുംബൈ: പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ കോവിഡ് വകഭേദത്തെ തുടര്‍ന്ന് ദക്ഷണാഫ്രിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമാക്കി മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ജീനോം സീക്വന്‍സിങ് നടത്തുമെന്നും മേയര്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച്ച രാവിലെ അടിയന്തര യോഗം വിളിച്ചിരുന്നു. രാവിലെ ചേര്‍ന്ന യോഗത്തില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്‌സിനേഷന്‍ പുരോഗതിയും ചര്‍ച്ച ചെയ്തു.  

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയത്. തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ നിയന്ത്രിക്കാന്‍ ജര്‍മനി, ഇറ്റലി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു. 

നിരവധി തവണ ജനിതകമാറ്റം സംഭവിച്ച ഒരു പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. അടുത്തിടെയായി ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് കാരണം വകഭേദം സംഭവിച്ച വൈറസ് ആയിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബര്‍ ആദ്യം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Content Highlights: Quarantine, Genome Sequencing For South Africa Arrivals At Mumbai Airport