
പ്രതീകാത്മക ചിത്രം | Photo: AP
ന്യൂഡല്‍ഹി: ബെംഗളുരുവിലെ പുതിയ പ്ലാന്റില്‍ ഉത്പാദിപ്പിച്ച കോവാക്സിന്റെ ആദ്യ രണ്ട് ബാച്ചുകളുടെ ഗുണനിലവാരത്തിലുണ്ടായ പ്രശ്നങ്ങളാണ് വാക്സിന് വിതരണത്തെ ബാധിച്ചതെന്ന് സര്‍ക്കാര്‍ വാക്സിനേഷന് പാനല്‍ തലവന്‍ ഡോ.എന്‍.കെ.അറോറ.
അതേസമയം പുതിയ പ്ലാന്റില്‍ നിര്‍മ്മിച്ച ആദ്യ രണ്ട് ബാച്ചില്‍ മാത്രമാണ് ഗുണനിലവാരം സംബന്ധിച്ച പ്രശ്നമുണ്ടായിരുന്നതെന്നും മൂന്ന്, നാല് ബാച്ചുകളില്‍ ഉത്പാദിപ്പിച്ച വാക്സിനുകള്‍ക്ക് ഈ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവാക്സിന് ഉല്പാദനം ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവര്‍ ബെംഗളുരുവില്‍ പുതിയ പ്ലാന്റ് ആരംഭിച്ചു. ഇതുകൂടാതെ മൂന്ന് പൊതുമേഖലാസ്ഥാപനങ്ങളും ഉല്പാദനം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരത് ബയോടെക്കില്‍ നിന്ന് 10-12 കോടി ഡോസ് വാക്സിനാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.
ബെംഗളുരുവിലെ പ്ലാന്റ് ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിന് നിര്‍മാണ പ്ലാന്റുകളിലൊന്നാണ്. എന്നാല്‍ ബെംഗളുരുവിലെ വാക്സിന് നിര്‍മാണത്തില്‍ സംഭവിച്ച പാളിച്ച തിരിച്ചടിയായി. അടുത്ത നാല് -ആറ് ആഴ്ചയ്ക്കുളളില്‍ വാക്സില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ ഭാരത് ബയോടെക്കിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.അറോറ കൂട്ടിച്ചേര്‍ത്തു. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ വാക്സിന് ഡോസ് വിതരണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറോടെ മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പ്രായപൂര്ത്തിയായലവരിലെ വാക്സിന് വിതരണം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനിടയിലാണ് നിര്‍മാണത്തിലുണ്ടായ ഗുണനിലവാര തകര്‍ച്ച തിരിച്ചടിയായത്.
നിലവിലെ അവസ്ഥയില്‍ പ്രതിദിനം ഒരുകോടി ഡോസ് വാക്സിന് എന്ന നിലയില്‍ ഒരു മാസം മുപ്പത് കോടി ഡോസ് വിതരണം ചെയ്താല്‍ മാത്രമേ ഡിസംബറില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. അതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
ontent Highlights: quality issues behind the shortage of Covaxin says NK Arora
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..