ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിറ്റ്‌സു മോട്ടെഗി, അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മറൈസ് പയ്ൻ എന്നിവർക്കൊപ്പം | ഫോട്ടോ: എ.പി.
ടോക്കിയോ: ഇന്ത്യ എല്ലായ്‌പ്പോഴും നിയമബദ്ധമായ ലോകക്രമത്തിനായി നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുവേയാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തിലായിരുന്നു ചൈനയുടെ പേരെടുത്തു പറയാതെ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
ദേശീയമായ സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കുന്നതും തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനുതകുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ ലോകക്രമത്തിനായാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ജയ്ശങ്കര്‍ പറഞ്ഞു. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് സമാനചിന്താഗതിയുള്ള രാജ്യങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന അനൗദ്യോഗിക നയതന്ത്ര കൂട്ടായ്മയാണ് ക്വഡ്രിലേറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്. മേഖലയില്‍ ചൈനയുടെ വര്‍ധിച്ച ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ തുറന്നതും സ്വതന്ത്രവുമായ സാഹചര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്വാഡ് മന്ത്രിതല യോഗം നടന്നത്.
ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മറൈസ് പയ്ന്‍, ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിറ്റ്‌സു മോട്ടെഗി, അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരും പങ്കെടുത്തു. കോവിഡ് 19 വാക്‌സിന്റെ നിര്‍മാണം, വിതരണം തുടങ്ങിയ കാര്യങ്ങളും 5ജി സാങ്കേതികത, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
content highlights: Quad- India committed to a rules-based world order, says MEA Jaishankar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..