ന്യൂഡല്‍ഹി: വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ അടുത്ത മാസം ഇന്ത്യയിലേക്ക്. 19-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പുതിന്‍ ഇന്ത്യയിലെത്തുന്നത്. 

ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവരുമായി പുതിന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സെപ്റ്റംബര്‍ ആദ്യ വാരം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യ സന്ദര്‍ശിച്ചിരുന്നു. പരസ്പര സഹകരണത്തോടെയുള്ള നിക്ഷേപം 2025ഓടെ 50 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷമാണ് പുതിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായത്.

2017 ജൂണ്‍ ഒന്നിന് പ്രധാനമന്ത്രി മോദിയുടെ റഷ്യാ സന്ദര്‍ശനത്തിനിടെയാണ് ഒടുവില്‍ ഇന്ത്യ-റഷ്യ ഉഭയകക്ഷി ചര്‍ച്ച നടന്നത്. റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതു സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ പുതിന്റെ സന്ദര്‍ശനത്തിന്റെ കൂടെ നടക്കും. പ്രതിരോധ സംവിധാനത്തിന്റെ വിലയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ചര്‍ച്ചയില്‍ തീരുമാനമാകും. 

റഷ്യയില്‍ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്കയുടെ ഉപരോധ ഭീഷണി നിലനില്‍ക്കെയാണ് പുതിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം. 

Content Highlights: Putin to visit India next month for bilateral summit