ചെന്നൈ: പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമന്‍ നമശ്ശിവായം രാജിവെച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശ്ശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നമശ്ശിവായം പറഞ്ഞു. നാല്‍പത് അംഗ പിസിസി ഭാരവാഹികളുടെ പട്ടിക നേതൃത്വത്തിന് കൊടുത്തിട്ട് അത് നടപ്പാക്കാന്‍ പോലും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശ്ശിവായം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി വിടാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നമശ്ശിവായം 27ന് ഡല്‍ഹിയിലേക്ക് പോകുമെന്നും അന്ന് ബിജെപിയില്‍ അംഗമാകുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മൂന്ന് മുതല്‍ അഞ്ച് എംഎല്‍എമാരെ തന്റെ കൂടെ കൊണ്ടുപോകാനുള്ള ശ്രമം നമശ്ശിവായം നടത്തുന്നുണ്ട്.
പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് നമശ്ശിവായം. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. 2016-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ആളായിരുന്നു നമശ്ശിവായം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ല. പാര്‍ട്ടിയിലും ഭരണത്തിലും കൃത്യമായ സ്ഥാനം നല്‍കിയില്ലായെന്ന് നമശ്ശിവായം ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയായിരുന്നു.
രണ്ടുമാസത്തിനപ്പുറം പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന.
Content Highlights: puthucheri congress minister namasivayam quits party and joins bjp