ചെന്നൈ: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമന്‍ നമശ്ശിവായം ബി.ജെ.പിയിലേക്കെന്ന് സൂചന. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാനുളള കാരണം. നാളെ ഉച്ചയോടെ രാജി പ്രഖ്യാപിക്കും. അഞ്ച് എം.എല്‍.എമാരെയും രാജിവെപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
പുതുച്ചേരി കോണ്‍ഗ്രസില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നുവെന്നാണ് സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് നമശ്ശിവായം. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
2016-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ആളായിരുന്നു നമശ്ശിവായം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ല. പാര്‍ട്ടിയിലും ഭരണത്തിലും കൃത്യമായ സ്ഥാനം നല്‍കിയില്ലായെന്ന് നമശ്ശിവായം ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ രാജി വെച്ച ശേഷം നമശ്ശിവായം ഡല്‍ഹിയില്‍ പോയി ബി.ജെ.പി. അംഗത്വം സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ മാസം 31-ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പുതുച്ചേരിയില്‍ എത്തുന്നുണ്ട്. ആ സമയത്തേക്ക് മൂന്നു മുതല്‍ അഞ്ച് എം.എല്‍.എ. വരെ രാജിവെപ്പിച്ച് ബി.ജെ.പിയിലേക്ക് എത്തിക്കുക എന്നൊരു ദൗത്യം കൂടി നമശ്ശിവായം ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.
നമശ്ശിവായത്തെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍.ആര്‍. കോണ്‍ഗ്രസ് കൂടി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എം.ഡി.എം.കെയിലും തമിഴ് മാനില കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചതിനു ശേഷമാണ് നമശ്ശിവായം കോണ്‍ഗ്രസിലെത്തിയത്. രണ്ടുമാസത്തിനപ്പുറം പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
നിലവിലെ കക്ഷിനില: കോണ്‍ഗ്രസ് - 14, ഡി.എം.കെ. - 3, സ്വതന്ത്രന്‍ - 1, എന്‍.ആര്‍. കോണ്‍ഗ്രസ് - 7, അണ്ണാ ഡി.എം.കെ. - 4, ബി.ജെ.പി.-നോമിനേറ്റ് ചെയ്ത മൂന്ന് അംഗങ്ങള്‍ (ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചു). നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന പാര്‍ട്ടി നേതാവിനെ പാളയത്തിലെത്തിച്ച് നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് ബി.ജെ.പി.
content highlights: puthucheri congress minister namasivayam all set to quit party and join bjp- report