അമൃത്സര്‍: മഹാരാഷ്ട്രയിലെ നന്ദേഡില്‍നിന്ന് പഞ്ചാബിലേക്ക് തിരിച്ചെത്തിയ എട്ട് തീര്‍ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റു സംസ്ഥാനത്ത് നിന്നും തിരിച്ചെത്തുന്നവരില്‍ പരിശോധന ശക്തമാക്കി സംസ്ഥാന ആരോഗ്യവകുപ്പ്. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പഞ്ചാബില്‍നിന്നുള്ള 3,200 തീര്‍ഥാടകര്‍ മഹാരാഷ്ട്രയിലെ നന്ദേഡില്‍ ഒരു മാസത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ പഞ്ചാബ് സര്‍ക്കാര്‍ ബസ്സുകളില്‍ തിരിച്ചെത്തിക്കുകയാണ്. ഞായാറാഴ്ച 219 പേരെ തിരിച്ചെത്തിച്ചു. ഇവരില്‍ എട്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ള സംഘം യാത്രയിലാണ്. തിരിച്ചെത്തിയവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

പഞ്ചാബിലെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് ആഭ്യന്തരവകുപ്പ് പ്രതീക്ഷിക്കുന്നത്, അതിനാല്‍ പുറത്തുനിന്നെത്തുന്നവരെ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും നെഗറ്റീവ് ആയവരെ മാത്രമേ വീടുകളിലേക്ക് പോകാന്‍ അനുവദിക്കാവൂ എന്ന് പഞ്ചാബ് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. തീര്‍ഥാടകര്‍ ഉള്‍പ്പെടെ പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പഞ്ചാബിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഇത് സാധുതയുള്ളതാണെന്ന് പഞ്ചാബ് ആഭ്യന്തര വകുപ്പ് സെക്രട്ടറി സതീഷ് ചന്ദ്ര പറഞ്ഞു. 

Content Highlights: Punjab to test everyone it’s bringing back from other states, after 8 cases from Nanded