ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് ഉയർന്ന വിലയ്ക്ക് വിറ്റ് പഞ്ചാബ് സർക്കാർ ലാഭമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. 

ജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്സിൻ പഞ്ചാബ് സർക്കാർ ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ്. 309 രൂപയ്ക്ക് വാങ്ങുന്ന കോവിഷീൽഡ് വാക്സിൻ പഞ്ചാബ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് 1560 രൂപയ്ക്കാണ് വിറ്റതെന്നും ഹർദീപ് സിങ് പുരി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

4.29 ലക്ഷം ഡോസ് കോവിഷീൽഡ് 13.25 കോടി രൂപയ്ക്കാണ് പഞ്ചാബ് വാങ്ങിയത്. ഒരുഡോസിന് ശരാശരി തുക 309 രൂപ. 4.70 കോടി രൂപ ചെലവഴിച്ച് 1,14,190 ഡോസ് കോവാക്സിനും സംസ്ഥാനം വാങ്ങിയെന്നാണ് കണക്കുകൾ. ഇതിന്റെ ശരാശരി തുക 412 രൂപയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചു.

കേന്ദ്രസർക്കാർ 50 ശതമാനം കോവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായാണ് നൽകുന്നത്. എന്നാൽ സ്വന്തമായി വാങ്ങുന്ന വാക്സിനിൽ സംസ്ഥാനങ്ങൾ ലാഭമുണ്ടാക്കുകയാണെന്നും ഹർദീപ് സിങ് പുരി ആരോപിച്ചു.

കേന്ദ്ര വാക്സിൻ നയത്തിനെതിരേ തുടർച്ചയായി പ്രതികരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കേന്ദ്രമന്ത്രി വിമർശിച്ചു. നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എവിടെയെന്നാണ് രാഹുൽ ചോദിച്ചത്. രാജസ്ഥാനിൽ ഇത് മാലിന്യങ്ങളിൽ വലിച്ചെറിയുകയാണെന്നും പഞ്ചാബിൽ ആളുകൾ അതുവിറ്റ് ലാഭമുണ്ടാക്കുകയാണെന്നും ഹർദീപ് സിങ് പുരി പരിഹസിച്ചു.

content highlights:Punjab sold Covishield doses at higher prices - Hardeep Singh Puri