അമൃത്സര്‍: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിനായി 13 വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് നവജോത് സിങ് സിദ്ദു. ഉയര്‍ത്തെഴുനേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്. 

പഞ്ചാബ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മുന്‍ഗണനാ മേഖലകള്‍ വ്യക്തമാക്കിക്കൊണ്ടാണ് സിദ്ദുവിന്റെ കത്ത്. മതനിന്ദ കേസുകളിലെ നീതി, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്‌നങ്ങള്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍, വൈദ്യുതി, തൊഴില്‍ അവസരങ്ങള്‍, മണല്‍ ഖനനം, പിന്നോക്ക സമുദായത്തിന്റെ ക്ഷേമം അടക്കമുള്ളവയാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കെ.സി.വേണുഗോപാലിനേയും കണ്ടതിന് ശേഷമാണ് സിദ്ദു കത്ത് ടിറ്റ്വറില്‍ പങ്കുവെച്ചത്.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയും സിദ്ദു പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ, പ്രിയങ്ക, രാഹുല്‍ എന്നിവരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ എന്ത് തീരുമാനമെടുത്താലും അത് കോണ്‍ഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കുമെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും സിദ്ദു പറഞ്ഞിരുന്നു. 

അമരീന്ദര്‍ സിങിനെ നീക്കിയതിന് ശേഷം ചരന്‍ജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ മാസം നവജോത് സിങ് സിദ്ദു, പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.

Content Highlights: Punjab's last chance for resurrection: Navjot Singh Sidhu writes to Sonia Gandhi on 13 issues