ചണ്ഡിഗഢ്:  സിറോ സര്‍വ്വേയ്ക്കായി പഞ്ചാബ് 331 കോടി രൂപ നീക്കിവെയ്ക്കും. ആറ് മുതല്‍ 17 വയസ്സ് വരെയുള്ളവരെ കേന്ദ്രീകരിച്ചായിരിക്കും സര്‍വ്വേ. രാജ്യം നിലവില്‍ കോവിഡ് രണ്ടാം തരംഗത്തിലാണ്. മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെയാണ് എന്ന തരത്തില്‍ വ്യാപകമായി റിപ്പോര്‍ട്ട് പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത തടയാനാണ് പഞ്ചാബ് സര്‍ക്കാര്‍  തീരുമാനം. 

അടിയന്തിര കോവിഡ് ഫണ്ട് പ്രഖ്യാപിച്ചത് കൂടാതെയാണ് 331 കോടി രൂപ നീക്കി വെച്ചതെന്നും പഞ്ചാബ് സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സിറോ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം പ്രാദേശികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭൂമിശാസ്ത്ര വിവരങ്ങളുപയോഗിച്ച് നിരീക്ഷണങ്ങളും പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

എന്നാല്‍, കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാം എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ തള്ളി. നിലവില്‍ രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കുട്ടികളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ മൂന്നാം തരംഗത്തിന്റെ ദുരിതങ്ങള്‍ ഏറെയും അനുഭവിക്കുക കുട്ടികളാകും എന്നാണ് വിലയിരുത്തല്‍. 

ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് പഞ്ചാബ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച ശിശുവിഭാഗ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവ് നല്‍കിയിട്ടുണ്ട്. ദ്രാവക  ഓക്‌സിജനായുള്ള സംവിധാനം, കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ്, ഐ.സി.യു കിടക്കകള്‍ എന്നിവയും ഉറപ്പാക്കുമെന്ന്  അദ്ദേഹം അറിയിച്ചു. 

കോവിഡ് ഒന്നാം തരംഗത്തിലും മൂന്നാം തരംഗത്തിലും 10 ശതമാനം രോഗം ബാധിച്ചത് 18 വയസ്സില്‍ താഴെയുള്ളവരെയാണ്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവില്ലെങ്കിലും മൂന്നാം തരംഗത്തില്‍ കുട്ടികളെ കോവിഡ് ബാധിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചാബ് സര്‍ക്കാരിന്റെ ആരോഗ്യ ഉപദേഷ്ടാവായ ഡോ.കെ.കെ തല്‍വാര്‍ പറഞ്ഞു. മൂന്നാം തരംഗത്തിന്റെ ഭീഷണി ഉണ്ടെങ്കിലും പഞ്ചാബ് സുരക്ഷിതമാണെന്നും  പുതിയൊരു വകേേഭദം വരുന്നത് വരെ കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: punjab ready to face covid third wave