പ്രതീകാത്മക ചിത്രം | മാതൃഭൂമി
ചണ്ഡീഗഢ്: ഹോഷിയാര്‍പുരില്‍ ആറ് വയസുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പഞ്ചാബ് പോലീസ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് അതിവേഗം നടപടികള്‍ സ്വീകരിച്ചതെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച പഞ്ചാബ് സര്‍ക്കാര്‍ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹാഥ്‌റസ് സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഹോഷിയാര്‍പുര്‍ കേസിന് രാഷ്ട്രീയ നിറം നല്‍കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍, പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഒന്‍പത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കിയാണ് പഞ്ചാബ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. അന്വേഷണത്തിന്റെ ഗൗരവം ഒരു ഘട്ടത്തിലും ചോരാത്ത നിലയിലാണ് പ്രവര്‍ത്തിച്ചതെന്ന് ഡിജിപി ദിന്‍കര്‍ ഗുപ്ത പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തിയത് മെഡിക്കല്‍ ബോര്‍ഡിന്റെ സാന്നിധ്യത്തിലാണെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകളും ഡിഎന്‍എ സാമ്പിളുകളും ഉന്നത നിലവാരം പുലര്‍ത്തുന്ന ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഡിജിപി അവകാശപ്പെട്ടു.
Content Highlights: Punjab Police submit challan in minor's rape-murder case in 9 days
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..