-
ചണ്ഡീഗഢ്: പഞ്ചാബിലെ വിഷമദ്യ ദുരന്തത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട അരവിന്ദ് കെജ്രിവാളിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മറുപടി. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്നും ദാരുണമായ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡൽഹി മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പരാമർശങ്ങൾ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ്. പഞ്ചാബിൽ ക്ഷയിച്ച ആംആദ്മി പാർട്ടി പുനരുജ്ജീവിപ്പിക്കാൻ വേണ്ടി ഈ സംഭവത്തെ ചൂഷണം ചെയ്യരുത്. ഒട്ടേറെപേർ മരിച്ചുകിടക്കുമ്പോൾ അതിൽനിന്ന് രാഷ്ട്രീയലാഭമുണ്ടാക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്നും അമരീന്ദർ സിങ് ചോദിച്ചു. വിഷമദ്യ ദുരന്തത്തിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് സർക്കാരിന്റെ അനാസ്ഥയാണ് വിഷമദ്യ ദുരന്തത്തിന് കാരണമെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. വ്യാജമദ്യം പിടികൂടിയാലും പോലീസ് തന്നെ കേസ് ഒതുക്കുന്നതാണ് പഞ്ചാബിലെ രീതിയെന്നും വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വിഷമദ്യ ദുരന്തത്തിൽ പഞ്ചാബിലെ മൂന്ന് ജില്ലകളിലായി ഇതുവരെ 98 പേരാണ് മരിച്ചത്. ഇതിൽ 75 മരണവും താൺ തരൺ ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമൃത്സറിൽ 12 പേരും ഗുരുദാസ്പുരിൽ 11 പേരും മരിച്ചു. കഴിഞ്ഞ ബുധനാഴ്ച വിവിധ ജില്ലകളിൽ വിഷമദ്യം കുടിച്ചവർ മരിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ ഇതുവരെ 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights:punjab hooch tragedy punjab cm amarinder singh reply to aravind kejriwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..