ചണ്ഡീഗഢ്: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നെന്ന ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ്. സിദ്ധു. തന്റെ വകുപ്പിന് വാക്‌സിനു മേല്‍ നിയന്ത്രണമില്ലെന്നും ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തനിക്ക് വാക്‌സിനുകള്‍ക്കു മേല്‍ നിയന്ത്രണമില്ലെന്നും ചികിത്സ, പരിശോധന, സാമ്പിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ബി.എസ്. ബാദല്‍ പഞ്ഞു. തീര്‍ച്ചയായും അന്വേഷണം നടത്തുമെന്നും താന്‍ വ്യക്തിപരമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമരിന്ദര്‍ സര്‍ക്കാര്‍ ആഭ്യന്തരകലഹം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കോവിഡ് വാക്‌സിന്‍ വില്‍ക്കല്‍ വിവാദവും ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ നാല്‍പ്പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ വന്‍ലാഭത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റതായി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലാണ് വ്യാഴാഴ്ച ആരോപണം ഉന്നയിച്ചത്. 

ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്കാണ് വിറ്റതെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നും ബാദല്‍ ആരോപിച്ചു.  സ്വകാര്യ ആശുപത്രികൾ വാക്‌സിന്‍ ഡോസിന് 1,560 രൂപയ്ക്കാണ് നല്‍കുന്നത്. ഇത്തരത്തില്‍ സ്വകാര്യ മേഖലയ്ക്ക് വാക്‌സിന്‍ നല്‍കുന്നത് കൃത്രിമക്ഷാമം സൃഷ്ടിക്കാനാണെന്നും വിഷയത്തില്‍ ഹൈക്കോടതി അന്വേഷണം വേണമെന്നും ബാദല്‍ ആവശ്യപ്പെട്ടു. 

ഒരു കുടുംബത്തിന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ 6000 മുതല്‍ 9000 രൂപ വരെ ചെലവ് വരും. മൊഹാലിയില്‍ ഒരുദിവസം 35,000 ഡോസ് വാക്‌സിന്‍ രണ്ടുകോടിയോളം രൂപയുടെ ലാഭത്തില്‍ വിറ്റതായും ബാദല്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

content highlights: punjab health minister on selling covid vaccine to private hospital