ചണ്ഡീഗഢ്:  പി.സി.സി. അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറല്‍ എ.പി.എസ്. ഡിയോളിന്റെ രാജി ചരണ്‍ജിത് സിങ് ഛന്നി സര്‍ക്കാര്‍ അംഗീകരിച്ചു. 

നേരത്തെ പഞ്ചാബ് പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച സിദ്ദു, തീരുമാനം പിന്‍വലിക്കണമെങ്കില്‍ സംസ്ഥാന ഡി.ജി.പിയെയും അഡ്വക്കേറ്റ് ജനറലിനെയും നീക്കണമെന്ന ഉപാധി മുന്നോട്ടുവെച്ചിരുന്നു. സിദ്ദു, പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവന്നതിനു പിന്നാലെയാണ് അഡ്വക്കേറ്റ് ജനറല്‍ ഡിയോളിന്റെ രാജി ക്യാബിനറ്റ് അംഗീകരിച്ചത്. 

' കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പോരാളി, അവന്റെ രാജി പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ പുതിയ ഡി.ജി.പിയെയും അഡ്വക്കേറ്റ് ജനറലിനെയും കിട്ടുന്ന ദിവസം മാത്രമേ ഞാന്‍ ചുമതല ഏറ്റെടുക്കുകയുള്ളൂ' - എന്നായിരുന്നു കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് സിദ്ദു പ്രതികരിച്ചത്. സത്യത്തിന്റെ പാതയിലാണ് നിങ്ങളെങ്കില്‍, പദവി ഒരു വിഷയമേ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 
തിങ്കളാഴ്ചയാണ് ഡിയോള്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചത്. രാജി ലഭിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും ക്യാബിനറ്റ് യോഗത്തിലാകും തീരുമാനം എടുക്കുക എന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഡിയോളിന്റെ രാജി ക്യാബിനറ്റ് അംഗീകരിച്ചതായി ചരണ്‍ജിത് സിങ് ഛന്നി അറിയിച്ചത്. 

content highlights: punjab government accepts advocate general's resignation